കൊല്‍ക്കത്ത: മോദിയുമായി ഫോനിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാതിരുന്നത് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താന്‍ പരിഗണിക്കാത്തതിനാലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് പുതിയ പ്രധാനമന്ത്രി വരുമ്പോള്‍ അവരുമായി താന്‍ ചര്‍ച്ച നടത്തുമെന്നും മമത പറഞ്ഞു.
‘മോദിയെ ഞാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നില്ല. അതിനാലാണ് ഞാന്‍ ചര്‍ച്ചയ്ക്ക് ഇരിക്കാതിരുന്നത്. അയാളുമായി ഒരേ വേദി പങ്കു വെക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ അടുത്ത പ്രധാനമന്ത്രിയുമായി സംസാരിച്ചോളാം. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തിന്റെ സഹായം ഞങ്ങള്‍ക്ക് വേണ്ട’- മമത പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
മമത ബാനര്‍ജി ചുഴലിക്കാറ്റിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു എന്ന് മോദി ആരോപിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ മറുപടി. ‘ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളിലെ സ്പീഡ് ബ്രേക്കര്‍ ഈ സാഹചര്യത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണ്. അവരുമായി ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അഹങ്കാരം നിറഞ്ഞ അവര്‍ എന്നോട് സംസാരിക്കാന്‍ തയ്യാറായില്ല. അവര്‍ തിരിച്ചു വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അവരത് ചെയ്തില്ല’- എന്നായിരുന്നു മോദി പറഞ്ഞത്.