തിരുവനന്തപുരം: വൈറ്റമിന്‍ സി കൊവിഡിനെ പ്രതിരോധിക്കുമെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ ഡോക്ടര്‍മാര്‍.
വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു എന്നാണ് ശ്രീനിവാസന്‍ മാധ്യമം പത്രത്തിലെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇതൊക്കെ തുറന്ന് പറയുന്നവര്‍ തെറ്റുകാരാകുന്ന അവസ്ഥയാണെന്നും ജയിലില്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ താനും കൂടുതല്‍ പറയുന്നില്ലെന്നുമാണ് ‘മനുഷ്യന്‍ പഠിക്കാത്ത പാഠങ്ങള്‍’ എന്ന ലേഖനത്തില്‍ ശ്രീനിവാസന്‍ പറഞ്ഞുവെക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യഥാര്‍ത്ഥത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ എസ്.എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശമാണ് ഇതെന്നും ഇതിനെതിരെ ഡോക്ടര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെന്നും ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാജ സന്ദേശമാണ് ശ്രീനിവാസന്‍ പ്രചരിപ്പിക്കുന്നതെന്നും ദയവു ചെയത് സാമൂഹ്യ ദ്രോഹമായ പ്രചരണം നടത്തരുതെന്നുമാണ് ശ്രീനിവാസനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
”പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം വിദഗ്ധര്‍ വൈറ്റമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും. അപ്പോള്‍ ഒരു വൈറസിനും നില നില്‍ക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ആദ്യം തന്നെ ഈ വാദത്തെ എതിര്‍ത്തു. അവര്‍ക്ക് മരുന്നുണ്ടാക്കി വില്‍ക്കുന്നതിലാണ് താല്‍പര്യം. ലോകാരോഗ്യ സംഘടനയും നമ്മുടെ ഐ.എം.ഐയും അതിനെ പ്രോത്സാഹിപ്പിക്കുകയാണ്”, എന്നാണ് ശ്രീനിവാസന്‍ ലേഖനത്തില്‍ പറയുന്നത്.
”ചെന്നൈയില്‍ ഒരു സ്‌കാനിംഗ് മെഷീന്‍ കണ്ടു. ജപ്പാന്റേതാണ്. കൈപ്പത്തിമാത്രം വച്ച് ദേഹം മുഴുവന്‍ സ്‌കാന്‍ ചെയ്യാം. നമ്മുടെ നാട്ടില്‍ വലിയ ഗുഹയ്ക്കുള്ളില്‍ എന്നത് പോലെ ആളുകളെ കയറ്റിയാണ് സ്‌കാന്‍ ചെയ്യുന്നത്. അങ്ങനെ പേടിപ്പിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ നല്ല പണം വാങ്ങാം. ഇവിടെ നഖത്തിനും മുടിക്കും വരെ വേറെ വേറെ ഡോക്ടര്‍മാരാണ്. എന്നാല്‍ ജപ്പാനില്‍ എല്ലാ രോഗവും ഒരു ഡോക്ടര്‍ തന്നെയാണ് ചികിത്സിക്കുന്നത്. ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പലരും പറയുന്നു കൊവിഡിന് അവരുടെ കയ്യില്‍ മരുന്നുണ്ടെന്ന്, ശരിയോ തെറ്റോ ആകാം. അതൊന്ന് പരിശോധിച്ച് നോക്കാന്‍ പോലും നമ്മുടെ രാഷ്ട്രീയം തയ്യാറല്ല. ഇതൊക്കെ തുറന്ന് പറയുന്നവര്‍ തെറ്റുകാരാകുന്ന അവസ്ഥയാണ്. ജയിലില്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞാനും കൂടുതല്‍ പറയുന്നില്ല. നല്ലതിനായി മാത്രം കാത്തിരിക്കാം ”, എന്നും ശ്രീനിവാസന്‍ ലേഖനത്തില്‍ പറയുന്നു.
ശ്രീനിവാസന്റെ ഈ വാദങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആരോഗ്യപ്രവര്‍ത്തകനായ ഡോക്ടര്‍ ജിനേഷ് പി.എസ് രംഗത്ത് വന്നിട്ടുണ്ട്.
മുന്‍പൊരിക്കല്‍ മരുന്നുകള്‍ കടലില്‍ വലിച്ചെറിയണം എന്ന് പത്രത്തില്‍ എഴുതിയ വ്യക്തി ആണ് ശ്രീനിവാസനെന്നും എന്നിട്ട് അദ്ദേഹത്തിന് ഒരു അസുഖം വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നില്‍ ഏറ്റവും മികച്ച ചികിത്സ തേടിയെന്നും ഇദ്ദേഹമാണ് ഇപ്പോള്‍ വീണ്ടും വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്നും ഡോക്ടര്‍ ജിനേഷ് ചൂണ്ടിക്കാട്ടുന്നു.
ലോകത്തില്‍ ആകെ മുക്കാല്‍ ലക്ഷത്തോളം പേര്‍ മരിച്ച അസുഖമാണ്. അതിനെ തടയാന്‍ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാള്‍ മണ്ടത്തരങ്ങള്‍ പറയുന്നത്… കഷ്ടമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങള്‍ക്ക് അറിയില്ലാത്ത വിഷയങ്ങള്‍ പറയാതിരിക്കുകയാണ് വേണ്ടതെന്നും ആരോഗ്യ വിഷയങ്ങളില്‍ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് ചോദിക്കേണ്ടതെന്നും ഡോ. ജിനേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ദയവുചെയ്ത് ഈ മണ്ടത്തരങ്ങള്‍ വിശ്വസിച്ച് ആളുകള്‍ പണി വാങ്ങരുതെന്ന മുന്നറിയിപ്പും ഡോ. ജിനേഷ് നല്‍കി. വ്യക്തിഗത ശുചിത്വ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങള്‍ വൈറ്റമിന്‍ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ മറക്കരുത്.
എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ പണി വാങ്ങും. അപ്പോള്‍ ശ്രീനിവാസന്‍ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ.
തനിക്ക് അസുഖം വരുമ്പോള്‍ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങള്‍ സ്വീകരിക്കുന്ന ഒരാള്‍ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്നും ഡോ. ജിനേഷ് പറഞ്ഞു.
വൈറ്റമിന്‍ സിയ്ക്ക് ഇത്തരത്തിലൊരു എഫക്ട് ഉണ്ടെന്ന് എവിടേയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ദയവുചെയ്ത് ഇത്തരത്തില്‍ അറിവില്ലാത്ത കാര്യങ്ങള്‍ ശ്രീനിവാസന്‍ പറയാന്‍ നില്‍ക്കരുതെന്നുമാണ് ഡോക്ടര്‍ ഷിംന അസീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
”ഓരോ മേഖലയിലും അതില്‍ വിദഗ്ധരായവര്‍ ഉണ്ട്. ശ്രീനിവാസന്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ മേഖലയില്‍ വിദഗ്ധനായിരിക്കും. വൈറ്റമിന്‍ സിയ്ക്ക് ഇത്തരത്തിലൊരു എഫക്ട് ഉണ്ടെന്ന് എവിടേയും തെളിയിക്കപ്പെട്ടിട്ടില്ല. ഒരു കൈ മാത്രം വെച്ച് മൊത്തം ശരീരഭാഗങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന മെഷീനൊന്നും നിലവില്‍ എവിടേയും ഇല്ല. എവിടുന്നെങ്കിലും കിട്ടിയ എന്തെങ്കിലും വിവരത്തില്‍ ആകൃഷ്ടനായിക്കൊണ്ട് കാര്യങ്ങള്‍ വിളിച്ചുപറയരുത്. ഇദ്ദേഹം പറയുന്ന കാര്യങ്ങള്‍ വേദവാക്യമായി എടുക്കുന്ന നിരവധി പേര്‍ കാണും.
അദ്ദേഹത്തോട് എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയുകയാണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ പറയുന്നത് ആര് തന്നെയായാലും അവര്‍ക്കെതിരെ നടപടി എടുക്കണം. അദ്ദേഹത്തിന് അസുഖം വന്നപ്പോള്‍ ചികിത്സയ്ക്ക് പോയത് മെഡിസിറ്റിയിലേക്കാണ്. അദ്ദേഹത്തിന്റെ അവസ്ഥ അന്ന് വളരെ ഗുരുതരമായിരുന്നു. അത്തരത്തിലൊരു അവസ്ഥ കടന്നുവന്ന ആള്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അല്പം വിവേകത്തോടുകൂടി കാര്യങ്ങളെ സമീപിക്കണം. ഇത്രയും ലോകവിവരവും വായനയും എല്ലാം ഉള്ള അദ്ദേഹം അതിന്റെ പക്വത കൂടി കാണിക്കണമെന്നാണ് പറയാനുള്ളത”, ഷിംന അസീസ് പറഞ്ഞു.