പ്രീമിയർ ലീഗിൽ മത്സരങ്ങൾ കൊഴുക്കുക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയെ തകർത്തിരുന്നു.
മത്സരം 63മിനിട്ട് പിന്നിടുമ്പോൾ റിയാദ് മഹ്റസാണ് സിറ്റിയുടെ വിജയ ഗോൾ സ്വന്തമാക്കിയത്. മത്സരത്തിൽ വിജയിച്ചതോടെ സിറ്റി ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി കുറച്ചു.
എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടതോടെ ചെൽസിക്കെതിരെ വലിയ പ്രതിഷേധവുമായി എത്തിച്ചേർന്നിരിക്കുകയാണ് ആരാധകർ.
ഈ സീസണിൽ മികച്ച ടീമുണ്ടായിട്ടും വളരെ മോശം പ്രകടനമാണ് ചെൽസി കാഴ്ച വയ്ക്കുന്നത് എന്നതാണ് ആരാധകരുടെ പരാതി. സീസൺ പകുതിയാവാറാകുമ്പോൾ വെറും 25പോയിന്റ് നേടി പത്താം സ്ഥാനത്താണ് ലണ്ടൻ ക്ലബ്ബ്.
എന്നാൽ മത്സരത്തിൽ മോശം പ്രകടനം തുടർച്ചയായി കാഴ്ച വെക്കുന്ന ചെൽസി സ്ട്രൈക്കർ ഒബോമയാങ്ങിനെതിരെയാണ് ഇപ്പോൾ ആരാധകർ രോഷം മുഴുവൻ തീർക്കുന്നത്.
റഹീം സ്റ്റെർലിങ്ങിന് പകരക്കാരനായി എത്തിയ താരത്തിന് മത്സരത്തിൽ അധികമൊന്നും ചെയ്യാനില്ലായിരുന്നു.
താരം മോശം പ്രകടനം തുടർന്നതോടെ സോഷ്യൽ മീഡിയയിലും ഹോം സ്റ്റേഡിയത്തിലും ആരാധകർ ഒബോമയാങ്ങിനെതിരെ വലിയ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
നിലവിൽ തുറന്നിരിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽകൂടി മറ്റൊരു താരത്തെ ഒബോമയാങ്ങിന് പകരക്കാരനായി ടീമിലെത്തിക്കണം എന്നാണ് ആരാധകരുടെ പ്രധാന ആവശ്യം. ചെൽസിക്കായി 16മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.
അതുകൊണ്ട് തന്നെ ‘ദയവായി താങ്കൾ ആ റൊണാൾഡോയുടെ പിന്നാലെ വല്ല മിഡിൽ ഈസ്റ്റിലും കയറിപോകൂ, സൗദിക്ക് പോലും ഇയാളെയൊന്നും വേണ്ടേ?, ബെഞ്ചിൽ ഇരിക്കാനാണോ ഇയാളെ ടീമിലെടുത്തത് തുടങ്ങിയ പരിഹാസ പോസ്റ്റുകളാണ് ഒബോമയാങ്ങിനെതിരെ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്.