keralanews
മാതാപിതാക്കളിൽ നിന്ന് പോലും വിവേചനമരുത്; ട്രാൻസ് വ്യക്തികൾക്ക് നിയമ സംരക്ഷണമുണ്ട്: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 11, 02:20 am
Thursday, 11th July 2024, 7:50 am

കൊച്ചി: മാതാപിതാക്കളിൽ നിന്നടക്കമുള്ള വിവേചനത്തിൽ ട്രാൻസ് വ്യക്തികൾക്ക് നിയമ സംരക്ഷണമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത വ്യക്തിയാണെങ്കിൽ കൂടി അവർക്കെതിരെയുള്ള ഏതു തരത്തിലുള്ള വിവേചനവും നിരോധിച്ചിട്ടുള്ളതാണെന്നും കോടതി പറഞ്ഞു.

ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് ഫണ്ട് സ്വരൂപിക്കാൻ പ്രായപൂർത്തിയാകാത്ത മകന്റെ ഫോട്ടോകൾ അനധികൃതമായി ഉപയോഗിച്ചു എന്ന് പറഞ്ഞ് പിതാവ് നൽകിയ ഹരജിയിലാണ് കോടതി വിധി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പിതാവ് നൽകിയ ഹരജി ജസ്റ്റിസ് ബെച്ചു കുര്യൻ അടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു.

മാതാപിതാക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികളെന്ന് ആരോപിക്കപ്പെടുന്നവർ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് ഫണ്ട് സ്വരൂപിച്ചതെന്നായിരുന്നു ആരോപണം. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപ്പിൽ മകന്റെ പ്രൊഫൈൽ ഉണ്ടാക്കി പണപ്പിരിവ് നടത്തിയെന്നായിരുന്നു കേസ്.

എന്നാൽ പരാതിക്കാരന്റെ വാദം ശരിയല്ലെന്നും മകന്റെ താത്പര്യപ്രകാരമാണ് മറ്റ് വ്യക്തികൾ പ്രൊഫൈൽ ഉണ്ടാക്കിയതെന്നും ഹോർമോൺ ചികിത്സക്കായി പണം പിരിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഒരാൾ ട്രാൻസ് സ്ത്രീയായി മാറാൻ വേണ്ടി തീരുമാനിക്കുകയാണ്.

ആ പശ്ചാലത്തിൽ അത് സംബന്ധമായ ഹോർമോൺ മരുന്നുകൾ എടുക്കുന്നതിനും മറ്റ് ട്രീറ്റ്മെന്റുകൾക്കും പണം പിരിക്കാൻ അയാൾ ആഗ്രഹിക്കുന്നു. അതിന്റെ പുറത്തുള്ള പണ പിരിവാണ് ഇവിടെ നടന്നത്.

സ്വന്തം ഇഷ്ടപ്രകാരം ഒരാൾ ഓൺലൈനായി ധനസമാഹരണം നടത്താൻ മറ്റുള്ളവരെ സമീപിച്ചതാണ്. അതിനാൽ തന്നെ പരാതിക്കാരന്റെ വാദം നില നിൽക്കില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

Content Highlight: Do not discriminate even from parents: high court in transgender’s case