ബി.ജെ.പിയുമായി ഒരു വിട്ടുവീഴ്ചക്കുമില്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖ്യം തുടരും: എം.കെ. സ്റ്റാലിന്‍
national news
ബി.ജെ.പിയുമായി ഒരു വിട്ടുവീഴ്ചക്കുമില്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖ്യം തുടരും: എം.കെ. സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2022, 3:06 pm

ചെന്നൈ: ബി.ജെ.പിയുമായി യാതൊരു വിട്ടുവീഴ്ചക്കുമില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍. 2024 ലെ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും തെരഞ്ഞെടുപ്പ് വിജയം കൈവരിക്കാന്‍ ഒരുമിച്ച് ചേരണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് 18 തമിഴ്നാട് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

തന്റെ സര്‍ക്കാരിന്റെ 16 മാസത്തെ ഭരണത്തെക്കുറിച്ചും ഇതുവരെ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചും അദ്ദേഹം പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടിലെ നിലവിലെ സഖ്യം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തമിഴ്നാട്ടിലെ നിലവിലെ സഖ്യം ശക്തിപ്പെടുത്തുന്നത് തുടരും. 2024ല്‍ സംസ്ഥാനത്തെ 40 മണ്ഡലങ്ങളിലും പുതുച്ചേരിയിലും വിജയിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തും.

ഈ സഖ്യം ഒരിക്കലും വെറും തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം രൂപീകരിച്ചതായിരുന്നില്ല. മറിച്ച് ഇത് പ്രത്യയശാസ്ത്രത്തിന്റെയും പ്രതിബദ്ധതയുടെയും സഖ്യമായിരുന്നു. 2024 തെരഞ്ഞെടുപ്പിലും ഇത് തുടരുക തന്നെ ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുമായി ഒരു കാരണവശാലും സഹകരിക്കില്ലെന്നും വിട്ടുവീഴ്ചക്ക് തയാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് പാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രം തികച്ചും വ്യത്യസ്തമാണ്. ഡിഎംകെ ബി.ജെ.പിയുമായോ ആര്‍.എസ്.എസുമായോ ഒരു ചെറിയ വിട്ടുവീഴ്ച പോലും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

‘2021 മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ പ്രചാരണത്തിനായി വന്നപ്പോള്‍ ഞാന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് ബി.ജെ.പിയെ നേരിടണമെന്നായിരുന്നു അത്. ഇന്നും ഞാന്‍ എന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. എല്ലാ പാര്‍ട്ടികളും ഒന്നിച്ചാല്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ. പാര്‍ട്ടികള്‍ സ്വന്തം വഴിക്ക് പോയാല്‍ അത് തീര്‍ച്ചയായും തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കും,’ അദ്ദേഹം പറഞ്ഞു.

Content Highlight: DMK says it will continue to be in  coalition for the 2024 election