ഒരു റോപ്പിന്റെ സഹായവും ആവശ്യമില്ല; അനായാസം കുതിരപ്പുറത്ത് ചാടിക്കയറി, അതിവേഗം സഞ്ചരിച്ച് സിജു വില്‍സണ്‍; വീഡിയോ
Movie Day
ഒരു റോപ്പിന്റെ സഹായവും ആവശ്യമില്ല; അനായാസം കുതിരപ്പുറത്ത് ചാടിക്കയറി, അതിവേഗം സഞ്ചരിച്ച് സിജു വില്‍സണ്‍; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th September 2022, 11:33 pm

വിനയന്റെ സംവിധാനത്തില്‍ സിജു വില്‍സണ്‍ നായകനായ പത്തൊന്‍പതാം നൂറ്റാണ്ട് ഓണത്തിന് തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്ന ചിത്രം നിര്‍മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

ചിത്രത്തിനായി സിജു വില്‍സണ്‍ നടത്തിയ ഡെഡിക്കേഷനെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍ വിനയന്‍. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി അതിന്മേല്‍ കയറാനും അതിവേഗം സഞ്ചരിക്കാനും സാധിച്ചത് അദ്ദേഹത്തിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണെന്ന് വിനയന്‍ പറഞ്ഞു. ലൊക്കേഷനില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചായിരുന്നു വിനയന്റെ പ്രതികരണം.

‘മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു സിജു വില്‍സണ്‍ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേല്‍ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്.

അതിന്റെ ഒരു റിസള്‍ട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വില്‍സണ്‍ എന്ന ആക്ഷന്‍ ഹീറോയേ അംഗീകരിച്ചിരിക്കുന്നത്,’ എന്നാണ് വിനയന്‍ കുറിച്ചത്.

വിനയന്റെ ഈ പോസ്റ്റിന് താഴെ കമന്റുമായി സിജു വില്‍സണ്‍ തന്നെ രംഗത്തെത്തി. ‘സാര്‍ പകര്‍ന്നുതന്ന ഊര്‍ജമാണ് ഇതൊക്കെ ചെയ്യാനുള്ള ഇന്ധനം എന്നില്‍ നിറച്ചത്, വളരെ നന്ദി വിനയന്‍ സാര്‍. നിങ്ങളുടെ മഹത്തായ പിന്തുണക്കും പ്രചോദനത്തിനും എന്നില്‍ നിങ്ങളുടെ മാജിക് പരീക്ഷിച്ചതിനും നന്ദി,’ എന്നാണ് സിജു വില്‍സണ്‍ കമന്റ് ചെയ്തത്.

അതേസമയം, ചിത്രം നല്ല അഭിപ്രയാം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചെമ്പന്‍ വിനോദ് ജോസ്, ഹണി റോസ്, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, പൂനം ബജ്വ, സുദേവ് നായര്‍ എന്നിവരാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. നിര്‍മാതാവായ ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്.