ആ ബോളിവുഡ് സംവിധായകൻ ഒരു ചിത്രത്തിനായി ഇപ്പോൾ ഫഹദിന് പിന്നാലെ നടക്കുകയാണ്: വേണു
Entertainment
ആ ബോളിവുഡ് സംവിധായകൻ ഒരു ചിത്രത്തിനായി ഇപ്പോൾ ഫഹദിന് പിന്നാലെ നടക്കുകയാണ്: വേണു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th October 2024, 11:43 am

ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്ത ചിത്രമായിരുന്നു കാർബൺ. കാട്ടിലേക്ക് നിധി തേടി പോകുന്ന നായകന്റെ കഥ പറഞ്ഞ ഒരു അഡ്വഞ്ചർ ത്രില്ലർ ചിത്രമായിരുന്നു കാർബൺ. വിശാൽ ഭരദ്വാജായിരുന്നു ചിത്രത്തിന് സംഗീതം നിർവഹിച്ചത്.

ചിത്രത്തിലെ ഫഹദിന്റെ പ്രകടനം കണ്ടപ്പോൾ വിശാൽ അത്ഭുതപ്പെട്ടെന്ന് പറയുകയാണ് വേണു. വിശാലിന് ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാൻ താത്‌പര്യമുണ്ടെന്നും അദ്ദേഹമിപ്പോൾ ഫഹദിന് പിന്നാലെ നടക്കുകയാണെന്നും വേണു പറഞ്ഞു. ഫഹദിനെ പോലെ കാര്യങ്ങൾ വ്യക്തമായി മനസിലാക്കി അഭിനയിക്കുന്നവർ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

‘കാർബൺ കണ്ടിട്ട് ഒരുപാടാളുകൾ എന്നോട് സംസാരിച്ചിട്ടുണ്ട്. വിശാൽ ഭരദ്വാജാണ് കാർബണിന്റെ മ്യൂസിക് ചെയ്തിട്ടുള്ളത്. വിശാൽ ഈ സിനിമ കണ്ടിട്ട് എന്നോട് ആദ്യം ചോദിച്ചത്, ഈ ആക്ടർ ആരാണ് എന്നായിരുന്നു.

കാരണം അത്രയ്ക്കും ഇപ്രസീവായാണ് ഫഹദ് കാർബൺ ചെയ്തിട്ടുള്ളത്. ഇപ്പോൾ വിശാൽ ഫഹദിനോട് അങ്ങോട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്, നമുക്കൊരു സിനിമ ചെയ്യാമെന്നാണ്. അവർക്കെല്ലാം വളരെ അതിശയകരമായിട്ടാണ് ഫഹദിനെ തോന്നിയത്. അത് സത്യവുമാണ്, കാരണം കാര്യങ്ങൾ ഇങ്ങനെ മനസിലാക്കുകയും അവതരിപ്പിക്കുക ചെയ്യുന്ന അഭിനേതാക്കൾ കുറവാണ്,’വേണു പറയുന്നു.

ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ ആദ്യ മൂന്ന് പേരിൽ ഒരാൾ ഫഹദ് ആയിരിക്കുമെന്നും ചിലപ്പോൾ ഒന്നാമൻ വരെയാവാനും സാധ്യതയുണ്ടെന്നും വേണു കൂട്ടിച്ചേർത്തു.

ഏറ്റവും സട്ടിലായാണ് ഫഹദ് അഭിനയിക്കുക. നമ്മൾ ഇങ്ങനെ നോക്കിയിരുന്നില്ലെങ്കിൽ മിസായി പോവുന്ന ഒരുപാട് സംഭവങ്ങൾ ഫഹദിന്റെ ആക്ടിങ്ങിലുണ്ട്.

അത് ടെക്‌നിക്കലല്ല. സ്വന്തമായിട്ട് ഉള്ളത് തന്നെയാണ്. മാത്രമല്ല എന്റെ അഭിപ്രായത്തിൽ ന്യൂ ജനറേഷനിൽ മാത്രമല്ല ഇപ്പോൾ ജീവിച്ചിരിക്കുന്ന അഭിനേതാക്കളിൽ ഇന്ത്യയിലെ ഏറ്റവും ടോപ് ആക്ടറിൽ ഒരാൾ ഫഹദ് ഫാസിലാണ്. ഒരു മൂന്നോ നാലോ ആളുകളെ എടുത്താൽ അതിൽ തീർച്ചയായും ഫഹദ് ഉണ്ട്. ചിലപ്പോൾ നമ്പർ വൺ തന്നെയാവാനും സാധ്യതയുണ്ട്,’വേണു പറയുന്നു.

 

Content Highlight: Director Venu Talk About Fahad Fazil And Vishal Baradhwarj