സിദ്ദീഖ് ലാലിന്റെ ആദ്യമായി പൊട്ടാന്‍ പോകുന്ന പടം ഇതായിരിക്കും എന്നവര്‍ പറഞ്ഞു; ഞങ്ങളാകെ അപ്‌സറ്റായി; പക്ഷെ അത് മലയാളത്തില്‍ ഇനിയും തിരുത്താത്ത റെക്കോഡുകള്‍ നേടി
Entertainment news
സിദ്ദീഖ് ലാലിന്റെ ആദ്യമായി പൊട്ടാന്‍ പോകുന്ന പടം ഇതായിരിക്കും എന്നവര്‍ പറഞ്ഞു; ഞങ്ങളാകെ അപ്‌സറ്റായി; പക്ഷെ അത് മലയാളത്തില്‍ ഇനിയും തിരുത്താത്ത റെക്കോഡുകള്‍ നേടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th December 2022, 4:42 pm

സിദ്ദീഖ് ലാലിന്റെ സംവിധാനത്തില്‍ മുകേഷ്, എന്‍.എന്‍. പിള്ള, മേനക, ജഗദീഷ്, ഫിലോമിന, തിലകന്‍, ഇന്നസെന്റ്, കെ.പി.എ.സി ലളിത തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു ഗോഡ്ഫാദര്‍. 1991ല്‍ പുറത്തിറങ്ങിയ ചിത്രം 400ലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് മലയാളത്തില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു.

കോഴിക്കോട് വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നപ്പോഴുണ്ടായ ഒരനുഭവം പങ്കുവെക്കുകയാണ് സംവിധായകരിലൊരാളായ സിദ്ദീഖ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് കാപ്പാട് ബീച്ചില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ അത് നിരുത്സാഹപ്പെടുത്തിയതിനെ കുറിച്ചും അവിടെ ഷൂട്ട് ചെയ്ത ഒരു സിനിമകളും വിജയിക്കില്ല എന്ന് പറഞ്ഞതിനെ കുറിച്ചുമാണ് സിദ്ദീഖ് സംസാരിക്കുന്നത്.

”ബീച്ചിലെ ഷൂട്ടിങ് നടക്കുകയായിരുന്നു. കോഴിക്കോട് കാപ്പാട് ബീച്ച്. സിനിമയിലെ സീനും പാട്ടിലെ സീനും അവിടെ നിന്നും ഷൂട്ട് ചെയ്തിട്ടുണ്ട്. പൂക്കാലം എന്ന പാട്ടില്‍ വൈറ്റ് ജുബ്ബ ഇട്ട് കനക വരുന്ന സീനൊക്കെ ഈ ബീച്ച് സൈഡില്‍ നിന്നാണ്.

അവിടെ ഒരു ദിവസം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നാട്ടുകാരില്‍ ചിലര്‍ വന്ന് പറഞ്ഞു, നിങ്ങളല്ലാതെ ഇവിടെ വന്ന് സിനിമ ഷൂട്ട് ചെയ്യുമോ? ഇവിടെ ഷൂട്ട് ചെയ്ത ഒറ്റ പടവും ഓടിയിട്ടില്ല, എന്ന്.

സിദ്ദീഖ് ലാലിന്റെ ആദ്യമായി പൊട്ടാന്‍ പോകുന്ന പടം ഇതായിരിക്കും എന്നും പറഞ്ഞിട്ടാണ് അവര്‍ പോയത്. ഞങ്ങള്‍ ആകെ അപ്‌സറ്റായാണ് ആ സീനുകള്‍ പിന്നീട് ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടിങും കോഴിക്കോട് വെച്ചാണ് തീര്‍ത്തത്.

ആ സിനിമയാണ് മലയാളസിനിമയില്‍ ഇനിയും തിരുത്തപ്പെടാത്ത റെക്കോഡുകള്‍ നേടിയത്. ഇനിയും അത് തിരുത്തപ്പെടുമോ എന്ന് അറിയില്ല. 400ലധികം ദിവസങ്ങള്‍ ഓടിയ വലിയൊരു ഹിറ്റ്.

ഈ അന്ധവിശ്വാസങ്ങളിലൊന്നും ഒരു കാര്യവുമില്ല എന്നല്ലേ ഇത് തെളിയിക്കുന്നത്. ഇക്കാര്യങ്ങളൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നത്,” സിദ്ദീഖ് പറഞ്ഞു.

Content Highlight: Director Siddique about Godfather movie and it’s shooting in Kozhikode