Malayalam Cinema
ഷൂട്ടിന്റെ അവസാനനിമിഷം അദ്ദേഹം എത്തിയില്ല, അന്ന് ആ ആക്ഷന്‍ രംഗം സംവിധാനം ചെയ്തത് മോഹന്‍ലാലായിരുന്നു; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 26, 09:40 am
Friday, 26th March 2021, 3:10 pm

മോഹന്‍ലാലിന്റെ മനസില്‍ എന്നും ഒരു സംവിധായകന്‍ ഉണ്ടായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട്. മലയാള സിനിമയിലെ ഏറ്റവും പ്രവര്‍ത്തിപരിചയമുള്ള സംവിധായകനായിട്ടാകും മോഹന്‍ലാല്‍ അരങ്ങേറാന്‍ ഒരുങ്ങുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ സംവിധാനം ചെയ്ത വരവേല്‍പ്പ് എന്ന സിനിമയിലെ ഒരു ഫൈറ്റ് സീന്‍ സ്റ്റണ്ട് ഡയറക്ടര്‍ ത്യാഗരാജന്റെ അഭാവത്തില്‍ ചിത്രീകരിച്ചത് മോഹന്‍ലാല്‍ ആയിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പൂജാ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ട് വരവേല്‍പ് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ആ ബസ് തല്ലിപൊളിക്കുന്ന രംഗത്ത് ചെറിയൊരു ഫൈറ്റ് സ്വീക്വന്‍സ് ഉണ്ട്. ഷൂട്ടിന്റെ അവസാന നിമിഷത്തില്‍ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജന്‍ മാഷിന് എത്തിച്ചേരാന്‍ സാധിച്ചില്ല. ഏത് മാസ്റ്ററെ കൊണ്ടുവന്ന് ഈ ഫൈറ്റ് ചിത്രീകരിക്കും എന്ന ടെന്‍ഷനിലായിരുന്നു ഞാന്‍. അപ്പോള്‍ ലാല്‍ പറഞ്ഞു, ‘ത്യാഗരാജന്‍ മാസ്റ്ററിന്റെ അനുഗ്രഹം ഉണ്ടായാല്‍ മതി നമുക്ക് ചെയ്യാം’. അന്ന് ആ ഫൈറ്റ് സംവിധാനം ചെയ്തത് മോഹന്‍ലാല്‍ ആണ്. ലാലിന്റെ മനസില്‍ സംവിധായകന്‍ ഉണ്ട്, ഉണ്ടായേ തീരൂ,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഇങ്ങനെയൊരു മുഹൂര്‍ത്തം ഉണ്ടാകുമെന്നും മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് നമ്മളെല്ലാം എത്തുമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മളാരും ചിന്തിച്ചുപോലും കാണില്ലെന്നും എന്നാല്‍ ലാലിന്റെ മനസ്സില്‍ എന്നും ഒരു സംവിധായകനുണ്ടെന്ന് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

മോഹന്‍ലാല്‍ അഭിനയിക്കുന്നതു പോലും സ്വയം അറിയാതെയാണ്. അതിനു വേണ്ടി പ്രേത്യക തയാറെടുപ്പുകളൊന്നും എടുക്കാറില്ല. ആ കഴിവ് സംവിധാനത്തിലും ഉണ്ടാകട്ടെ എന്ന് താന്‍ പ്രാര്‍ഥിക്കുകയാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Sathyan Anthikkad About Actor Mohanlal