Film News
വിജയം ആഘോഷിക്കുന്നത് പോലെ പരാജയവും സ്വീകരിക്കണം, ഞാന്‍ തിരിച്ച് വരും; ബോളിവുഡ് കൊളാബറേഷനില്‍ പുതിയ ചിത്രത്തിന്റെ അപ്‌ഡേഷനുമായി റോഷന്‍ ആന്‍ഡ്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 12, 03:55 am
Saturday, 12th November 2022, 9:25 am

വിജയങ്ങളെ പോലെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 17 വര്‍ഷമായി തന്നെ പിന്തുണക്കുന്നതിന് നന്ദിയുണ്ടെന്നും താന്‍ തിരിച്ചുവരുമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസിന്റെ ജനപ്രീതി നേടിയ ചിത്രങ്ങളുടെ കൊളാഷിനൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. പ്രതി പൂവന്‍കോഴി, കായംകുളം കൊച്ചുണ്ണി, സ്‌കൂള്‍ ബസ്, ഹൗ ഓള്‍ഡ് ആര്‍ യു, മുംബൈ പൊലീസ്, ഉദയനാണ് താരം എന്നീ ചിത്രങ്ങളാണ് കൊളാഷിലുള്ളത്. തന്റെ പുതിയ ചിത്രത്തെ പറ്റിയുള്ള അപ്‌ഡേഷനും റോഷന്റെ കുറിപ്പിലുണ്ട്. ബോബി-സഞ്ജയ്, ഹുസൈന്‍ ദലാല്‍ എന്നിവരോടൊപ്പമുള്ള എന്റെ ചിത്രം സിദ്ധാര്‍ത്ഥ റോയി കപൂറാണ് നിര്‍മിക്കുന്നതെന്നും പറയുന്നു.

ഈ വര്‍ഷം സൂപ്പര്‍ ഹിറ്റായ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ സഹ സംഭാഷണ എഴുത്തുകാരനാണ് ഹുസൈന്‍ ദലാല്‍. യേ ജവാനി യേ ദിവാനി എന്ന ചിത്രത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

‘ഈ പോസ്റ്റിന് നന്ദി. കഴിഞ്ഞ 17 വര്‍ഷമായി എന്നേയും എന്റെ സിനിമകളേയും പിന്തുണക്കുന്നതിന് നന്ദി. വിജയങ്ങളും പരാജയങ്ങളും ഗെയിമിന്റെ ഭാഗമാണ്. വിജയങ്ങളെ ആഘോഷിക്കുന്നത് പോലെ പരാജയങ്ങളെയും സ്വീകരിക്കുന്നത് നല്ലതാണ്. ഞാന്‍ തിരിച്ച് വരും. ബോബി-സഞ്ജയ്, ഹുസൈന്‍ ദലാല്‍ എന്നിവരോടൊപ്പമുള്ള എന്റെ ചിത്രം മാര്‍ച്ചില്‍ ആരംഭിക്കും. സിദ്ധാര്‍ത്ഥ റോയി കപൂറാണ് ഈ ചിത്രം നിര്‍മിക്കുന്നത്,’ റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.

ഏറ്റവും പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റിന് വ്യാപകമായി നെഗറ്റീവ് റിവ്യൂസും വിമര്‍ശനവും ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നത്. നിവിന്‍ പോളി നായകനായ ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്.

സിനിമയെ വിമര്‍ശിക്കുന്നതിനെതിരെയുള്ള റോഷന്‍ ആന്‍ഡ്രൂസിന്റെ പരാമര്‍ശങ്ങളും നേരത്തെ വിവാദമായിരുന്നു. സിനിമയെ വിമര്‍ശിക്കുന്നതിന് മുമ്പ് അതിനുള്ള യോഗ്യതയുണ്ടോയെന്ന് ചിന്തിക്കണമെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.

‘ഒരു സിനിമ എന്നാല്‍ ഒരുപാട് കുടുംബങ്ങളാണ്. സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുകള്‍ തുടങ്ങി നിരവധി ആളുകളുടെ ഉപജിവനമാണ് സിനിമ. കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യും. വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്,’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. പരാമര്‍ശങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസിനെതിരെ വിമര്‍ശനവുമുയര്‍ന്നിരുന്നു.

Content Highlight: Director Roshan Andrews says that it is better to accept failures as successes