അമരനില്‍ മുകുന്ദ് വരദരാജന്‍ ബ്രാഹ്‌മണനാണെന്ന് കാണിക്കാന്‍ എന്താണ് മടിയെന്ന് നടി മധുവന്തി, മുകുന്ദ് ഇന്ത്യാക്കാരന്‍ മാത്രമാണെന്ന് സംവിധായകന്‍
Entertainment
അമരനില്‍ മുകുന്ദ് വരദരാജന്‍ ബ്രാഹ്‌മണനാണെന്ന് കാണിക്കാന്‍ എന്താണ് മടിയെന്ന് നടി മധുവന്തി, മുകുന്ദ് ഇന്ത്യാക്കാരന്‍ മാത്രമാണെന്ന് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th November 2024, 1:09 pm

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് അമരന്‍. രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് രാജ്കുമാര്‍ പെരിയസാമി അമരന്‍ അണിയിച്ചൊരുക്കിയത്. ശിവകാര്‍ത്തികേയനാണ് മുകുന്ദായി വേഷമിട്ടത്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 175 കോടിയിലേറെ കളക്ട് ചെയ്തുകഴിഞ്ഞു. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നുകൂടിയാണ് അമരന്‍.

എന്നാലിപ്പോള്‍ ചിത്രത്തെ ചുറ്റിപ്പറ്റി ചില വിവാദങ്ങളും ഉണ്ടായിരിക്കുകയാണ്. മേജര്‍ മുകുന്ദ് വരദരാജന്‍ ബ്രാഹ്‌മണനാണെന്നും എന്നാല്‍ ചിത്രത്തില്‍ ഒരിടത്തും അത് സംവിധായകന്‍ പറയുന്നില്ലെന്നും ആരോപിച്ച് നടി വൈ.ജി. മധുവന്തി രംഗത്തെത്തിയിരിക്കുകയാണ്. നായകന്‍ ബ്രാഹ്‌മണനാണെന്ന് കാണിക്കാന്‍ എന്താണ് മടിയെന്ന് മധുവന്തി ചോദിച്ചു. ബ്രാഹ്‌മണനാണെന്ന് പറയാന്‍ സംവിധായകന്‍ ആരെയാണ് പേടിക്കുന്നതെന്നും മധുവന്തി ചോദിച്ചു. തമിഴിലെ വെറ്ററന്‍ നടനായ വൈ.ജി. മഹേന്ദ്രന്റെ മകളാണ് മധുവന്തി.

എന്നാല്‍ മധുമിതക്ക് മറുപടിയുമായി സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി രംഗത്തെത്തി. മുകുന്ദിന്റെ രക്ഷിതാക്കളുമായി സംസാരിച്ചപ്പോള്‍ അവര്‍ ആവശ്യപ്പെട്ട പ്രധാന കാര്യം മുകുന്ദിനെ തമിഴന്‍ എന്ന് മാത്രം കാണിച്ചാല്‍ മതിയെന്നായിരുന്നുവെന്ന് രാജ്കുമാര്‍ പറഞ്ഞു. മുകുന്ദ് തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ പോലും ജാതി, മതം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. മുകുന്ദിനെ ഒരു ഇന്ത്യാക്കാരനായി മാത്രമേ കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളൂവെന്നും രാജ്കുമാര്‍ പറഞ്ഞു.

മധുവന്തിയുടെ വാക്കുകള്‍

‘മുകുന്ദ് വരദരാജന്‍ ഒരു ബ്രാഹ്‌മണനായിരുന്നു. എന്നാല്‍ സിനിമയില്‍ ഒരിടത്തുപോലും സംവിധായകന്‍ ആ കാര്യം പറയുന്നില്ല. ആരെയാണ് അവര്‍ പേടിക്കുന്നത് ? മുകുന്ദ് വരദരാജന്‍ ബ്രാഹ്‌മണനാണെന്ന് ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും. ഇനിയങ്ങോട്ട് എനിക്ക് സിനിമയില്‍ ചാന്‍സ് കിട്ടിയില്ലെങ്കിലും മുകുന്ദ് ഒരു ബ്രാഹ്‌മണന്‍ തന്നെയാണ്’

രാജ്കുമാര്‍ പെരിയസാമിയുടെ വാക്കുകള്‍

‘മുകുന്ദിന്റെ കുടുംബവുമായി സംസാരിച്ചപ്പോള്‍ അവര്‍ എന്നോട് ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. മുകുന്ദ് എപ്പോഴും തന്നെ ഒരു ഇന്ത്യക്കാരനായി മാത്രമേ കണ്ടിട്ടുള്ളൂ. അയാളുടെ ഒരു സര്‍ട്ടിഫിക്കറ്റില്‍ പോലും ജാതി, മതം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ ഒരു തമിഴന്‍, ഇന്ത്യാക്കാരന്‍, പട്ടാളക്കാരന്‍ എന്നീ അടയാളങ്ങള്‍ മാത്രം നല്‍കാനാണ് അദ്ദേഹത്തിന്റെ കുടുംബം എന്നോട് ആവശ്യപ്പെട്ടത്,’ രാജ്കുമാര്‍ പറഞ്ഞു.

Content Highlight: Director Rajkumar Priasamy reacts to actress Madhuvanthi’s statement about Amaran movie