കഴിഞ്ഞ ദിവസം ഒരാള് മായാവിയുടെ മാന്ത്രികവടി തരാമെന്ന് പറഞ്ഞ് വന്നു; മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സിനിമാരംഗം പങ്കുവെച്ച് മിഥുന്‍ മാനുവല്‍ തോമസ്
Entertainment
കഴിഞ്ഞ ദിവസം ഒരാള് മായാവിയുടെ മാന്ത്രികവടി തരാമെന്ന് പറഞ്ഞ് വന്നു; മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സിനിമാരംഗം പങ്കുവെച്ച് മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th September 2021, 2:16 pm

പുരാവസ്തുക്കളുടെ പേരില്‍ 10 കോടിയുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വാര്‍ത്തകള്‍ ശ്രദ്ധ നേടുന്നതിനിടെ, തന്റെ സിനിമയിലെ ഒരു രംഗം പങ്കുവെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ‘ആട്’ സിനിമയില്‍ നിന്നുള്ള ഒരു ചിത്രമാണ് ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

പുരാവസ്തുക്കളെന്ന വ്യാജേന സാധനങ്ങള്‍ വിറ്റ് ആളുകളെ പറ്റിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് മോന്‍സനെ അറസ്റ്റ് ചെയ്തത്. ‘ആട്’ സിനിമയില്‍ ഇത്തരം പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് പറയുന്ന ഒരു പൊലീസ് സ്റ്റേഷന്‍ രംഗത്തിന്റെ ചിത്രമാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നതും.

വിജയ് ബാബു, പ്രദീപ് കോട്ടയം എന്നിവരഭിനയിക്കുന്ന രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ചേര്‍ത്തുവച്ച ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് പങ്കുവെച്ചിരിക്കുന്നത്. മറ്റ് സംഭാഷണങ്ങളോ ചിത്രത്തിന്റെ കൂടെ കുറിപ്പുകളോ പങ്കുവെച്ചിട്ടില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് പങ്കുവെച്ചതിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്.

സിനിമയില്‍ നീലക്കൊടുവേലിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ച് വിജയ് ബാബുവിന്റെ എസ്.ഐ കഥാപാത്രം സര്‍ബത്ത് ഷമീര്‍ പറയുന്നതും തുടര്‍ന്ന് പ്രദീപ് കോട്ടയം അവതരിപ്പിക്കുന്ന കോണ്‍സ്റ്റബിള്‍ കഥാപാത്രം മറ്റൊരു തട്ടിപ്പിനെക്കുറിച്ച് പറയുന്നതുമാണ് ഈ രംഗം.

”ഇപ്പൊ ഇതാ സാറേ കേരളത്തിന്റെ ഒരു സ്റ്റൈല്‍. ഇതുപോലെ ഇല്ലാത്ത സാധനത്തിന്റെ പിന്നാലെയാ ആള്‍ക്കാര് മുഴുവനും,” എന്ന് ഒരു കോണ്‍സ്റ്റബിള്‍ കഥാപാത്രം പറയുന്നു.

തുടര്‍ന്ന് ”കഴിഞ്ഞ ദിവസം ഒരാള് മായാവിയുടെ മാന്ത്രികവടി തരാമെന്ന് പറഞ്ഞ് വന്നു, 5000 രൂപ പോലും, ഓരോരോ തട്ടിപ്പുകളേ,” എന്നാണ് പ്രദീപ് കോട്ടയത്തിന്റെ കഥാപാത്രം പറയുന്നത്. എന്നിട്ട് താന്‍ 5000 കൊടുത്തോ എന്ന് എസ്.ഐ ചോദിക്കുമ്പോള്‍ കോണ്‍സ്റ്റബിള്‍ തലയാട്ടുന്നുമുണ്ട്. ഒരുപാട് പേര്‍ തമാശ രൂപേണ പോസ്റ്റിന് കമന്റുകളുമായും എത്തിയിട്ടുണ്ട്.

ടിപ്പുവിന്റെ സിംഹാസനവും ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും മോശയുടെ അംശവടിയുമൊക്കെയാണെന്ന പേരിലായിരുന്നു മോന്‍സന്‍ വ്യാജ സാധനങ്ങള്‍ വെച്ച് തട്ടിപ്പ് നടത്തിയത്. ഇതില്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.

ജയസൂര്യ കേന്ദ്രകഥാപാത്രമായി 2015ല്‍ പുറത്തിറങ്ങിയ മുഴുനീള കോമഡി സിനിമയായിരുന്നു ‘ആട്’.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Midhun Manuel Thomas shares a funny meme from Aadu movie about Monson Mavunkal