ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരല്പം ഹിച്ച്‌കോക്ക് ഫ്‌ളേവര്‍ ചേര്‍ത്താണ് സൂക്ഷ്മദര്‍ശിനി ഉണ്ടാക്കിയത്: എം.സി. ജിതിന്‍
Entertainment
ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരല്പം ഹിച്ച്‌കോക്ക് ഫ്‌ളേവര്‍ ചേര്‍ത്താണ് സൂക്ഷ്മദര്‍ശിനി ഉണ്ടാക്കിയത്: എം.സി. ജിതിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th November 2024, 4:09 pm

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് സൂക്ഷ്മദര്‍ശിനി. ബേസില്‍ ജോസഫ്, നസ്രിയ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. നോണ്‍സെന്‍സിന് ശേഷം ജിതിന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്ന് 20 കോടിയോളം സ്വന്തമാക്കി. പ്രിയദര്‍ശിനി എന്ന വീട്ടമ്മയുടെയും അയല്‍വാസിയായ മാനുവലിന്റെയും കഥയാണ് ചിത്രം പറയുന്നത്.

അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധത്തിലേക്ക് സ്വല്പം ത്രില്ലര്‍ ചേരുവയും കൂടി ചേര്‍ത്താണ് ജിതിന്‍ സൂക്ഷ്മദര്‍ശിനിയുടെ കഥ പറഞ്ഞിരിക്കുന്നത്. ഈ കഥക്ക് പ്രചോദനമായത് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, തലയണമന്ത്രം പോലുള്ള സിനിമകളാണെന്ന് പറയുകയാണ് സംവിധായകന്‍ എം.സി. ജിതിന്‍.

ഒരുപാട് വീടുകളുള്ള ഏരിയയില്‍ രണ്ട് വീട്ടുകാര്‍ തമ്മിലുള്ള കഥകള്‍ കാണാന്‍ എപ്പോഴും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണെന്ന് ജിതിന്‍ പറഞ്ഞു. താന്‍ ഏറ്റവുമധികം തവണ റിപ്പീറ്റ് വാച്ച് ചെയ്തിട്ടുള്ള സിനിമകളാണ് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും തലയണമന്ത്രവുമെന്ന് ജിതിന്‍ കൂട്ടിച്ചേര്‍ത്തു. അത്തരമൊരു സിനിമയിലേക്ക് ഹിച്ച്‌കോക്ക് ഫ്‌ളേവര്‍ കൂടി ചേര്‍ത്തപ്പോഴാണ് സൂക്ഷ്മദര്‍ശിനിയുടെ കഥയുണ്ടായതെന്ന് ജിതിന്‍ പറഞ്ഞു.

ആ സമയം വേറൊരു സിനിമക്കായി ഒരു ഫീമെയില്‍ ഡിറ്റക്ടീവ് എന്ന ചിന്ത വന്നതെന്നും മലയാളത്തില്‍ അങ്ങനെയൊരു കഥാപാത്രം ഉണ്ടായിട്ടില്ലെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. ആ രണ്ട് ഐഡിയകളും ഒന്നിച്ചപ്പോഴാണ് സൂക്ഷ്മദര്‍ശിനി പിറവിയെടുത്തതെന്നും ജിതിന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജിതിന്‍.

‘മലയാളികള്‍ക്ക് എല്ലാ കാലത്തും ഇഷ്ടമുള്ള ടൈപ്പാണ് തലയണമന്ത്രവും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും പോലുള്ള സിനിമകള്‍. രണ്ട് വീട്ടുകാര്‍ തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റ് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ള സിനിമയാണ് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്. അതിലേക്ക് ഒരു ഹിച്ച്‌കോക്ക് ഫ്‌ളേവര്‍ കൊണ്ടുവരാമെന്ന് ഞാന്‍ ഒരുപാട് ആലോചിച്ചു.

ആ സമയത്ത് വേറൊരു സിനിമക്കായി ഞാന്‍ കഥയെഴുതുന്നുണ്ടായിരുന്നു. ആ എഴുത്തിനിടയില്‍ ഒരു ഫീമെയില്‍ ഡിറ്റക്ടീവ് എന്തുകൊണ്ട് വന്നുകൂടാ എന്ന് ചിന്തിച്ചു. മലയാളസിനിമയില്‍ അങ്ങനെയൊരു ക്യാരക്ടര്‍ ഇതുവരെ വന്നിട്ടില്ല. എല്ലാ സിനിമയിലും നായകനാണ് കേസ് അന്വേഷിക്കുന്നത്. ഈ രണ്ട് ചിന്തകളും ഒന്നിച്ചപ്പോഴാണ് സൂക്ഷ്മദര്‍ശിനിയുടെ ആദ്യ ഐഡിയ മനസില്‍ ഉണ്ടായത്,’ എം.സി. ജിതിന്‍ പറയുന്നു.

Content Highlight: Director MC Jithin says that he added some Hitchcock flavors to Gandhinagar Second Street for Sookshmadarshini movie