Entertainment
സ്ലാങ് ഡബ്ബിങ്ങില്‍ പിടിക്കാമെന്ന് മമ്മൂട്ടി സാര്‍, എനിക്ക് അത് പറ്റില്ലായിരുന്നു, എന്നാല്‍ താന്‍ ചെയ്ത് കാണിക്കെന്ന് അദ്ദേഹം: ലിംഗുസാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 09, 09:44 am
Monday, 9th December 2024, 3:14 pm

തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലിംഗുസാമി. 2001ല്‍ മമ്മൂട്ടിയെ നായകനാക്കി ആനന്ദം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ലിംഗുസാമി സിനിമാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് റണ്‍, സണ്ടക്കോഴി, പയ്യാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം അണിയിച്ചൊരുക്കി.

ആദ്യചിത്രമായ ആനന്ദത്തിന്റെ ഷൂട്ടിനിടയില്‍ താനും മമ്മൂട്ടിയും തമ്മിലുണ്ടായ സൗന്ദര്യപിണക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് ലിംഗുസാമി. ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഇമോഷണല്‍ സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ താന്‍ ഉദ്ദേശിച്ച രീതിയില്‍ കിട്ടാത്തതുകൊണ്ട് എട്ട് ടേക്ക് വരെ പോയിരുന്നെന്ന് ലിംഗുസാമി പറഞ്ഞു.

കുംഭകോണം സ്ലാങ് കറക്ടായി വരാത്തതുകൊണ്ടാണെന്ന് പറഞ്ഞപ്പോള്‍ അതെല്ലാം ഡബ്ബിങ്ങില്‍ നോക്കാമെന്ന് മമ്മൂട്ടി പറഞ്ഞെന്നും എന്നാല്‍ തനിക്ക് അത് സമ്മതമല്ലായിരുന്നെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് തന്നോട് കറക്ടായി ചെയ്തുകാണിക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടെന്നും താന്‍ കറക്ടായി ചെയ്തപ്പോള്‍ അതുപോലെ മമ്മൂട്ടി അഭിനയിച്ചെന്നും ലിംഗുസാമി പറഞ്ഞു.

പിന്നീട് ഡബ്ബിങ്ങിന്റെ സമയത്തും ഇതേ സീനില്‍ പ്രശ്‌നം വന്നെന്നും മമ്മൂട്ടിയുടെ ഡയലോഗില്‍ മലയാളം കയറി വന്നത് കൊണ്ട് ഒരുപാട് ടേക്ക് പോയെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ തന്നെ സ്റ്റുഡിയോയുടെ പുറത്തു നില്‍ക്കാന്‍ പറഞ്ഞ ശേഷമാണ് അദ്ദേഹം ആ ഡയലോഗ് കറക്ടാക്കിയതെന്നും ലിംഗുസാമി പറഞ്ഞു. ടൂറിങ് ടോക്കീസിനോട് സംസാരിക്കുകയായിരുന്നു ലിംഗുസാമി.

‘ആനന്ദം സിനിമയുടെ ഷൂട്ടിനിടെ എനിക്കും മമ്മൂക്കയുടെയും ഇടയില്‍ ക്ലാഷ് ഉണ്ടായി. പടത്തിലെ ഏറ്റവും ഇമോഷണലായ സീന്‍ എടുക്കുകയായിരുന്നു. സ്വന്തം അനിയന്മാര്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തോട് കണക്ക് ചോദിക്കുമ്പോള്‍ അതിനോട് റിയാക്ട് ചെയ്യുന്ന സീനാണ്. എട്ട് ടേക്കിനടുത്ത് പോയിട്ടും സീന്‍ ശരിയായില്ല.

എന്താണ് കുഴപ്പമെന്ന് മമ്മൂട്ടി സാര്‍ ചോദിച്ചപ്പോള്‍ സ്ലാങ് കറക്ടായി കിട്ടുന്നില്ലെന്ന് പറഞ്ഞു. ‘അതെല്ലാം ഡബ്ബിങ്ങില്‍ നോക്കാം’ എന്ന് അദ്ദേഹം പറഞ്ഞു.ഞാന്‍ അതിന് സമ്മതിച്ചില്ല. ‘എന്നാല്‍ താന്‍ അത് ചെയ്ത് കാണിക്ക്’ എന്നായി അദ്ദേഹം. ഞാന്‍ യാതൊരു പേടിയുമില്ലാതെ ചെയ്ത് കാണിച്ചു. അദ്ദേഹം അതുപോലെ തന്നെ പെര്‍ഫോം ചെയ്തു.

ഇതേ സീന്‍ ഡബ്ബിങ്ങിന്റെ സമയത്ത് വീണ്ടും പ്രശ്‌നമായി. കുംഭകോണം തമിഴാണ് എനിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ മലയാളം കലരുന്നുണ്ടായിരുന്നു. ഒടുവില്‍ എന്നെ ഡബ്ബിങ് റൂമിന് പുറത്ത് നിര്‍ത്തിയിട്ടാണ് അദ്ദേഹം ആ ഡയലോഗ് പറഞ്ഞത്. അത് എനിക്ക് ഓക്കെയായിരുന്നു,’ ലിംഗുസാമി പറഞ്ഞു.

Content Highlight: Director Lingusamy about the clash with Mammootty during Aanandam movie