ഓരോ സിനിമയും അവതരിപ്പിക്കുന്ന രീതി അനുസരിച്ചാണ് അതിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. ഏതുതരം സിനിമയാണെങ്കിലും അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ ഒരു മാസ് സിനിമയല്ലെന്ന് പറയുന്ന കമല്‍ ആ ചിത്രം തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള സുഖം ഒരിക്കലും ഒ.ടി.ടിയില്‍ കാണുമ്പോള്‍ കിട്ടില്ലെന്നും പറയുന്നു.
ചെറിയ സിനിമകള്‍ തിയേറ്ററില്‍ പോയി കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ വേറെ എവിടെയും കിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ പല വലിയ സിനിമകളും ഒ.ടി.ടിയിലാണ് കാണുന്നതെന്നും സിനിമ കാണുമ്പോള്‍ ശബ്ദം ഒരുപാട് കൂടികഴിഞ്ഞാല്‍ വലിയ അസ്വസ്ഥത തോന്നുമെന്നും കമല്‍ പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ഓരോ സിനിമയും അവതരിപ്പിക്കുന്ന രീതി അനുസരിച്ചാണ് അതിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് എന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. ഏതുതരം സിനിമയാണെങ്കിലും അങ്ങനെ തന്നെയാണ്.
അതിന് ഉദാഹരണമാണ് മലയാളത്തില്‍ വന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ. ആ ചിത്രം ഒരു മാസ് സിനിമയല്ല. എന്നാല്‍ ആ സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള സുഖം ഒരിക്കലും ഒ.ടി.ടിയില്‍ കാണുമ്പോള്‍ കിട്ടില്ല എന്നതാണ് സത്യം.
അതുപോലെ പല തന്നെ മറ്റൊരു കാര്യമുള്ളത്, ചെറിയ സിനിമകള്‍ തിയേറ്ററില്‍ പോയി കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ ചിലപ്പോള്‍ വേറെ എവിടെയും കിട്ടില്ല. ഞാന്‍ ഇപ്പോള്‍ ഒ.ടി.ടിയില്‍ സിനിമ കാണുന്ന ഒരാളാണ്. പല വലിയ സിനിമകളും ഒ.ടി.ടിയിലാണ് കാണുന്നത്. സിനിമ കാണുമ്പോള്‍ ശബ്ദം ഒരുപാട് കൂടികഴിഞ്ഞാല്‍ എനിക്ക് വലിയ അസ്വസ്ഥത തോന്നും. അപ്പോള്‍ ഒ.ടി.ടിയില്‍ കാണുന്ന സമയത്ത് നമുക്ക് വേണമെങ്കില്‍ ശബ്ദം കുറച്ചു വെക്കാമല്ലോ.
അതുപോലെ തന്നെയാണ് വയലന്‍സിന്റെ കാര്യം. വലിയ സ്‌ക്രീനില്‍ വയലന്‍സ് കാണുമ്പോള്‍ ഞാന്‍ എപ്പോഴും അസ്വസ്ഥതനാകും. വലിയ സ്‌ക്രീനില്‍ സിനിമ കാണുമ്പോള്‍ അതില്‍ രക്തവും വെട്ടേറ്റ് തല തെറിക്കുന്നതുമായ സീനുകള്‍ ഒന്നും എനിക്ക് കാണാന്‍ കഴിയില്ല.
തിയേറ്ററില്‍ കാണുന്നതിന് പകരം അത്തരം സിനിമകള്‍ ഒ.ടി.ടിയില്‍ കാണുമ്പോള്‍ സൗകര്യത്തിന് അനുസരിച്ച് ശബ്ദം കുറച്ചോ സ്‌ക്കിപ്പടിച്ചോ കാണാമല്ലോ. അതുകൊണ്ട് തന്നെ പലപ്പോഴും ചെറിയ സിനിമകളാണ് ഞാന്‍ കൂടുതലും തിയേറ്ററില്‍ പോയി കാണാറുള്ളത്,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal Talks About Nanpakal Nerethu Mayakkam