1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി കരിയര്‍ ആരംഭിച്ച സംവിധായകനാണ് കമല്‍. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി. രണ്ടാനച്ഛനാല്‍ ശാരീരികമായി പീഡനം നേരിടേണ്ടി വരുന്ന കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുറിച്ചായിരുന്നു സിനിമ പറഞ്ഞിരുന്നത്.
അമൃത പ്രകാശ്, ജയകൃഷ്ണന്‍, ലാലു അലക്‌സ്, സുരേഷ് കൃഷ്ണ, ഭാനുപ്രിയ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് 2004ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ലാലു അലക്‌സിന് ലഭിച്ചിരുന്നു.
അമ്മ സംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്തായിരുന്നു കമല്‍ ഈ സിനിമ സംവിധാനം ചെയ്തത്. അമ്മ സംഘടനയിലെ താരങ്ങള്‍ ആരും അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന സമയമായിരുന്നതിനാല്‍ തങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ ആര്‍ട്ടിസ്റ്റുകളെ കിട്ടാതെ വന്നെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍.
‘അമ്മ അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ ഒരു പ്രശ്‌നം നിലനില്‍ക്കുന്ന സമയമായിരുന്നു അത്. സ്റ്റേജ് ഷോയുടെ പേരിലായിരുന്നു പ്രശ്നമായത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിക്കില്ലെന്ന് അമ്മ അസോസിയേഷന്‍ അന്ന് നിലപാടെടുത്തു.
ആ സമയത്ത് ടെക്നീഷ്യന്‍സിന്റെ സംഘടനയായ മാക്ട പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഷൂട്ടുമായി മുന്നോട്ട് പോയി. അന്ന് ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ ആര്‍ട്ടിസ്റ്റുകളെ കിട്ടാതെ വന്നു.
മാനുവല്‍ എന്ന കഥാപാത്രം ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചിട്ട് ഞങ്ങള്‍ ലാലു അലക്സിനെ വിളിച്ചു. രണ്ട് ദിവസം കഴിഞ്ഞ് മറുപടി പറയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ലാലു വിളിച്ചിട്ട് ഓക്കെ പറഞ്ഞു,’ കമല്‍ പറയുന്നു.
Content Highlight: Director Kamal Talks About Lalu Alex