അനുവാദമില്ലാതെ മമ്മൂട്ടിയുടെ പേര് ഉപയോഗിക്കാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ ലാലിന് വിശ്വാസമുണ്ടായിരുന്നു; ജോഷി പറയുന്നു
Malayalam Cinema
അനുവാദമില്ലാതെ മമ്മൂട്ടിയുടെ പേര് ഉപയോഗിക്കാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ ലാലിന് വിശ്വാസമുണ്ടായിരുന്നു; ജോഷി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th May 2021, 1:02 pm

 

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ജോഷി. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നും ഷൂട്ടിങ് സമയത്ത് നേരിട്ട പ്രധാനപ്രശ്‌നം മമ്മൂട്ടിയുടെ മീശയായിരുന്നെന്നും ജോഷി പറയുന്നു.

‘മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശയായിരുന്നു ഒരു പ്രധാന പ്രശ്നം. ചില രംഗങ്ങള്‍ ഒറിജിനല്‍ മീശ, ചിലയിടത്ത് വയ്പ്പു മീശ. മമ്മൂട്ടി സിനിമാ നടനായി തന്നെ അഭിനയിക്കുന്നതു കൊണ്ട് അതാരും കാര്യമാക്കിയില്ല. സിനിമ വന്‍ ഹിറ്റായതുകൊണ്ട് കൂടിയാകാം ഇതൊന്നും ആരും ശ്രദ്ധിക്കാതിരുന്നത്’, ജോഷി പറഞ്ഞു.

സിനിമയുടെ ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങളായിരുന്നു ആദ്യം ചിത്രീകരിച്ചതെന്നും ഈ സമയത്തൊന്നും സിനിമാനടനായി ട്രെയിനില്‍ പോകുന്ന താരം ആരായിരുന്നെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നില്ലെന്നും ജോഷി പറയുന്നു.

സിനിമയില്‍ ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. മോഹന്‍ലാലും ജഗദീഷും മണിയന്‍പിള്ള രാജുവും തമിഴ്നാട് പൊലീസിനെ വെട്ടിച്ച് ഒരു ഹോട്ടലില്‍ മുറിയെടുക്കുന്നു. അവരുടെ ഫോട്ടോ സഹിതം ടെലിവിഷനില്‍ വാര്‍ത്ത വരുന്നു. അവര്‍ അവിടെ നിന്നും രക്ഷപ്പെടുന്നു.

ഈ ഭാഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സിനിമാ നടനായി അഭിനയിക്കേണ്ട ആളെ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ ഒരു പ്രമുഖ നടന്റെ പേര് ഈ രംഗത്തു പറയുകയും വേണം. ട്രെയിനിനകത്ത് വെച്ച് ആ നടന്‍ എടുത്ത ഫോട്ടോയാണ് പൊലീസിന്റെ കയ്യില്‍ കിട്ടിയിരിക്കുന്നത്. രംഗം ചിത്രീകരിച്ചപ്പോള്‍ മമ്മൂട്ടിയുടെ പേരാണ് മോഹന്‍ലാല്‍ പറയുന്നത്.

മമ്മൂട്ടി അന്ന് കുടുംബസമേതം അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പേര് ഉപയോഗിക്കുന്നതില്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് ജോഷി പറയുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ഈ സിനിമയില്‍ ഗസ്റ്റ് റോളില്‍ അഭിനയിക്കുമെന്ന് ലാലിന് വിശ്വാസമുണ്ടായിരുന്നു.

അമേരിക്കയില്‍ നിന്നെത്തിയ മമ്മൂട്ടി ഷൂട്ടിങ്ങില്‍ പങ്കാളിയായി. ഗസ്റ്റ് റോള്‍ എന്നായിരുന്നു ആദ്യം അദ്ദേഹത്തിനോട് പറഞ്ഞിരുന്നത്. മദ്രാസില്‍ ട്രെയിന്‍ യാത്ര അവസാനിക്കുന്നതോടെ മമ്മൂട്ടിയുടെ റോളും അവസാനിക്കുന്നതായിട്ടാണ് ആദ്യം എഴുതിയത്.

എന്നാല്‍ പിന്നീടാണ് ഇടവേളയ്ക്ക് ശേഷവും മമ്മൂട്ടി കടന്നുവരുന്നതും മോഹന്‍ലാലിന്റേയും സുഹൃത്തുക്കളുടേയും നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതും. മമ്മൂട്ടി എന്ന കഥാപാത്രം കഥയില്‍ സജീവമാകുന്നത് രണ്ടാമത് കഥ വികസിപ്പിച്ചപ്പോഴാണെന്നും ജോഷി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Director Joshiy Remember number 20 madras mail shooting and mammootty and mohanlal