Entertainment
പശു ഉണ്ടെങ്കില്‍ സെന്‍സറിങ്ങിന് ഹരിയാനയില്‍ പോകണം, ഒരു കുഞ്ഞിനെ നിലത്തടിച്ച് കൊല്ലുന്നത് ഇവിടെ സെന്‍സര്‍ ചെയ്യാം: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 19, 07:19 am
Wednesday, 19th March 2025, 12:49 pm

സിനിമയിലെ സെന്‍സറിങ്ങിനെ കുറിച്ചും വയലന്‍സിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്.

സിനിമയില്‍ എന്ത് കാണിക്കണം എന്ത് കാണിക്കരുത്, അല്ലെങ്കില്‍ എന്ത് വരെ കാണിക്കാം എന്നതിനെ കുറിച്ച് പലര്‍ക്കും ധാരണയില്ലെന്ന് ജിസ് ജോയ് പറയുന്നു.

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന തന്റെ സിനിമയിലെ പശുവിന് തീറ്റ കൊടുത്ത് തലോടുന്ന ഒരു രംഗത്തിന് സെന്‍സറിങ് കിട്ടിയില്ലെന്നും ഹരിയാനയില്‍ ചെന്ന് പെര്‍മിഷന്‍ എടുക്കാനായിരുന്നു ആവശ്യപ്പെട്ടെന്നും ജിസ് ജോയ് പറയുന്നു.

എന്നാല്‍ ഇന്ന് ഒരു കുഞ്ഞിന്റെ കാലില്‍ പിടിച്ച് തറയില്‍ അടിച്ച് കൊല്ലുന്ന സീനിന് ഇവിടെ യാതൊരു തടസവുമില്ലാതെ സെന്‍സറിങ് ലഭിക്കുകയാണെന്നും ജിസ് ജോയ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ സെന്‍സറിങ്ങിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. പ്രത്യേകിച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത്. മൊത്തത്തിലുള്ള ഒരു അവബോധത്തെ കുറിച്ചും ബോധമില്ലായ്മയെ കുറിച്ചുമാണ്.

സിനിമയില്‍ എന്ത് കാണിക്കണം, എന്ത് കാണിക്കരുത്, എന്ത് വരെ കാണിക്കാം, ലിമിറ്റ് എന്താണ് എന്നതിനെ കുറിച്ചൊന്നും നമുക്ക് ധാരണയില്ല. ഒരു ഉദാഹരണം പറയാം.

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന എന്റെ സിനിമയില്‍ സിദ്ദിഖിന്റെ കഥാപാത്രം, അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു പശവുണ്ട്. ഇയാള്‍ക്ക് ഭയങ്കര സങ്കടം വരുമ്പോള്‍ ആ പശുവിന് കൊണ്ടുപോയി പുല്ല് കൊടുത്തിട്ട് അതിനെ ഒന്ന് തടവിയിട്ട് വീട്ടിലെ അവസ്ഥ അതിനോട് പറയും.

ഞാന്‍ ഭയങ്കര ഇഷ്ടപ്പെട്ട് എഴുതിയ സീനാണ്. ഇത് നമ്മള്‍ സെന്‍സറിങ്ങിലേക്ക് പോകുന്ന സമയത്ത് നിങ്ങള്‍ ഹരിയാനയില്‍ പോകണം കേട്ടോ എന്ന് പറഞ്ഞു.

അതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ പശുവിനെ കാണിച്ചല്ലോ എന്നാണ് പറഞ്ഞത്. ആനിമല്‍ ഏതാണെങ്കിലും, ആടാണെങ്കിലും പട്ടിയാണെങ്കിലും നമ്മള്‍ പെര്‍മിഷന് ഹരിയാനയില്‍ പോകണം.

ഹരിയാനയില്‍ പോകാനോ എന്ന് ചോദിച്ചപ്പോള്‍, അതെ, അവിടെ പോയിട്ട് വേണം ഇത് ചെയ്യാന്‍ എന്ന് പറഞ്ഞു. അതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് ലഭിക്കാന്‍ കുറേ സമയമെടുക്കുമെന്നും അത്ര എളുപ്പത്തില്‍ നടപടിയാകില്ലെന്നും മനസിലായി.

അങ്ങനെ ഇത് നടന്നില്ല. എനിക്ക് ആ സീന്‍ മുഴുവനായും എടുത്ത് മാറ്റേണ്ടി വന്നു. ആലോചിച്ച് നോക്കൂ, ഒരു പശുവിനെ തലോടിയിട്ട് പുല്ലുകൊടുക്കുന്ന സീനാണ്. ഞാന്‍ ആ സീന്‍ മാറ്റി.

എന്നാല്‍ ഇന്നോ, ഒരു കുട്ടിയുടെ കാലില്‍ പിടിച്ച് നിലത്തടിച്ച് കൊല്ലുന്നത് നമുക്ക് ഷൂട്ട് ചെയ്യാം. അത് ഇവിടെ സെന്‍സര്‍ ചെയ്യാം. ഈ വ്യത്യാസമാണ് എനിക്ക് മനസിലാകാത്തത്.

ഇവിടെ നമ്മുടെ അവബോധവും ബോധമില്ലായ്മയും എല്ലാം കൂടി ചേര്‍ന്ന് ആര്‍ക്കും ഒരു ധാരണയും ഇല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. സിനിമയില്‍ എന്ത് കാണിക്കാം എന്ത് കാണിക്കരുത് എന്നൊന്നും ആര്‍ക്കും അറിയില്ല,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Director Jis Joy About Movie Censoring and Animals Issue and marco Movie