Entertainment
എന്റെ ശബ്ദം കൊടുക്കാന്‍ അവര്‍ സമ്മതിക്കില്ല, നീ പോയി ചെയ്യെന്ന് ജോജു പറഞ്ഞു; ഞാന്‍ ഡബ് ചെയ്തതില്‍ ഏറ്റവും മോശമായിപ്പോയ കഥാപാത്രമാണത്: ജിസ് ജോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 17, 01:01 pm
Wednesday, 17th March 2021, 6:31 pm

സംവിധായകനായ ജിസ് ജോയ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത് അല്ലു അര്‍ജുന്റെ മലയാളം മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ്. ഇപ്പോഴും ജിസ് ജോയ് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അല്ലു അര്‍ജുന്‍ കഥാപാത്രങ്ങള്‍ കണ്‍മുന്നില്‍ വന്നുനില്‍ക്കുമെന്ന് ആരാധകര്‍ പറയും.

ഇപ്പോള്‍ നടന്‍ ജോജു ജോര്‍ജിന് വേണ്ടി ശബ്ദം നല്‍കിയ അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്. കുഞ്ചാക്കോ ബോബന്‍ നായകനായ പുതിയ ചിത്രം മോഹന്‍ കുമാര്‍ ഫാന്‍സിന്റെ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ജിസ് ജോയ് പറഞ്ഞത്.

‘സെവന്‍സ് എന്ന സിനിമയില്‍ ജോജുവിന് വേണ്ടി ഡബ് ചെയ്യാന്‍ എന്നെ വിളിച്ചു. എനിക്ക് ഭയങ്കര പ്രയാസം തോന്നി. ജോജുവിന്റെ ശബ്ദമാണ് എന്നെ ജോജുവില്‍ ഏറ്റവും ആകര്‍ഷിച്ച കാര്യം.

ഞാന്‍ ജോജുവിനെ വിളിച്ച് ചോദിച്ചു, എന്നെ വിളിക്കുന്നുണ്ട് എന്താണ് ചെയ്യേണ്ടതെന്ന്. എന്തായാലും പോയി ചെയ്യണം. എന്നെക്കൊണ്ട് അവര്‍ ചെയ്യിപ്പിക്കില്ല എന്നായിരുന്നു ജോജു പറഞ്ഞത്. ഞാന്‍ പോയി ചെയ്തു.

ഞാന്‍ ഡബ് ചെയ്ത കഥാപാത്രങ്ങളില്‍, എന്റെ കുഴപ്പവും കുറവുകളും കൊണ്ട് നന്നായില്ലെന്ന് തോന്നിയ ഒരു കഥാപാത്രവും അതാണ്. എന്റെ ശബ്ദം ജോജുവിന്റെ മുഖത്തിന് ചേരുന്നില്ലായിരുന്നു.

അന്ന് പ്രേക്ഷകര്‍ക്ക് പ്രശ്‌നം തോന്നിക്കാണില്ല, പക്ഷെ ഇപ്പോള്‍ അവര്‍ക്ക് ആ ശബ്ദം കേട്ടാല്‍ തോന്നും. ഇപ്പോഴും ടി.വിയില്‍ ആ സിനിമ വന്നാല്‍ ഞാന്‍ മാറ്റിക്കളയും. എനിക്ക് ജോജുവിന്റെ മുഖത്ത് എന്റെ ശബ്ദം കാണാനാകില്ല,’ ജിസ് ജോയ് പറഞ്ഞു.

അതേ ജോജു ആ ടീമിന്റെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ വലിയ ഹോര്‍ഡിംഗുകളില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ഇക്കാര്യം താന്‍ ജോജുവിനോട് പറഞ്ഞിട്ടുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Director Jis Joy about actor Joju George and dubbing