ആവേശത്തില്‍ ഫഹദിന്റേത് കൈവിട്ട കളിയായോ; മറുപടിയുമായി സംവിധായകന്‍
Movie Day
ആവേശത്തില്‍ ഫഹദിന്റേത് കൈവിട്ട കളിയായോ; മറുപടിയുമായി സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th April 2024, 10:09 am

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റുകയാണ് ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു മാധവ് സംവിധാനം ചെയ്ത ആവേശം. ഫഹദ് എന്ന സ്റ്റാര്‍ മെറ്റീരിയലിനെ അത്ര കണ്ട് ഉപയോഗിക്കാന്‍ സംവിധായകന് സാധിച്ചു എന്നിടത്താണ് ആവേശം ഒരു വലിയ വിജയമാകുന്നത്.

ഫഹദിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ഒരു പറ്റം അഭിനേതാക്കള്‍ കൂടിയായതോടെ യുവാക്കളെ ത്രസിപ്പിക്കുന്ന ഒരു തിയേറ്റര്‍ അനുഭവം സമ്മാനിക്കാന്‍ സംവിധായകന് സാധിച്ചു. രംഗന്‍ എന്ന കഥാപാത്രത്തെ കുറിച്ചും ആ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ച രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് എഫ്.ടി.ക്യു വിത്ത് രേഖാമേനോനില്‍ ജീത്തു മാധവ്.

ആവേശത്തിലേത് ഫഹദിന്റേത് കൈവിട്ട കളിയാണെന്നും മീറ്റര്‍ ഒന്നുപാളിയാല്‍ കയ്യില്‍ നിന്നുപോയെനെ എന്നൊക്കെയുള്ള കമന്റുകള്‍ ആളുകള്‍ പങ്കുവെക്കുന്നുണ്ടെന്നും എങ്ങനെയാണ് താരങ്ങളുടെ അഭിനയത്തെ ബാലന്‍സ് ചെയ്ത് പിടിച്ചത് എന്നുമുള്ള ചോദ്യത്തിനായിരുന്നു ജീത്തുവിന്റെ മറുപടി.

‘ ഇത് ഞാനായിട്ട് കൊണ്ടുവന്ന ബാലന്‍സ് അല്ല. ചെയ്യുന്നത് എന്താണെന്ന് എല്ലാവര്‍ക്കും ധാരണയുണ്ടായിരുന്നു. ഫഹദിനാണെങ്കിലും പിള്ളേര്‍ക്കാണെങ്കിലും സിനിമയിലെ ഏത് ഭാഗമാണ് നമ്മള്‍ ഷൂട്ട് ചെയ്യുന്നത് ആ ഭാഗത്ത് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ധാരണ ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് ഈസിയായിരുന്നു.

പിന്നെ ഫഹദിന്റെ അടുത്ത് പോയി എനിക്ക് കാര്യങ്ങള്‍ ചോദിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ രംഗ എങ്ങനെ പെരുമാറുമെന്ന് ഞാന്‍ ഫഹദിനോട് തന്നെ ചോദിക്കും. കാരണം അവരാണ് രംഗയായി ജീവിക്കുന്നത്. അവര്‍ക്കാണ് അത് എളുപ്പത്തില്‍ മനസിലാകുക. അയാളുടെ പെരുമാറ്റം എങ്ങനെയാകും എന്ന് പറയാന്‍ കഴിയുക അയാള്‍ക്ക് തന്നെയാണ്,’ ജീത്തു പറഞ്ഞു.

മലയാളം ഭംഗിയായി പറയാന്‍ അറിയുന്ന ഫഹദിനെ മുറിമലയാളത്തില്‍ സംസാരിപ്പിച്ചതും കന്നഡ ഭാഷ കൂട്ടിച്ചേര്‍ക്കാനുമുണ്ടായ തീരുമാനത്തെ കുറിച്ചും ജീത്തു സംസാരിച്ചു.

‘അയാള്‍ അമ്മയില്‍ നിന്ന് അകന്നുപോയി എന്നാണ് നമ്മള്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത്. അമ്മ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ നല്ല മലയാളം സംസാരിച്ചേനെ. അമ്മയുമായി അകന്ന ശേഷം അങ്ങനെ ഒരു അറ്റാച്ച്‌മെന്റ് അയാള്‍ക്ക് കിട്ടിയിട്ടില്ല. പിന്നെ അയാള്‍ക്ക് അത് കിട്ടിയത് കൂട്ടുകാരില്‍ നിന്നായിരിക്കും. അതില്‍ തന്നെ മലയാളം ഉപയോഗിക്കുന്ന രീതിയില്‍ സിനിമയില്‍ അവസാനം എത്തുമ്പോഴേക്ക് വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്,’ ജീത്തു പറഞ്ഞു.

ആവേശത്തിന്റെ ത്രഡ് താന്‍ ആദ്യമായി പറയുന്നത് അന്‍വര്‍ റഷീദിനോടാണെന്നും വെറും രണ്ടാഴ്ച കൊണ്ടാണ് സ്‌ക്രിപ്റ്റിന്റെ ആദ്യ ഡ്രാഫ്റ്റ് എഴുതിയതെന്നും ജീത്തു പറഞ്ഞു. ‘പല രീതിയില്‍ ഡിസ്‌കഷന്‍സ് നടന്നു. ആരെ വെച്ച് ചെയ്യാമെന്ന് ഒരാഴ്ച ഡിസ്‌കസ് ചെയ്തു. ഫഹദ് എന്ന ഓപ്ഷന്‍ വന്നപ്പോള്‍ തന്നെ ഞാന്‍ ഹാപ്പിയായി.

ഫഹദിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം കഥ കേള്‍ക്കാമെന്ന് പറഞ്ഞു. ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിയത് രണ്ടാഴ്ചകൊണ്ടാണ്. ഫഹദിനെ മനസില്‍ കണ്ടാണ് കഥ എഴുതിയത്. കാസ്റ്റിങ്ങിന് ശേഷമാണ് രോമാഞ്ചമാണെങ്കിലും കഥയെഴുതിയത്. ആരാണ് രംഗ എന്ന് മനസില്‍ കണ്ടെഴുതുമ്പോള്‍ അത് കുറച്ചുകൂടി എളുപ്പമാണ്,’ ജീത്തു പറഞ്ഞു.

Content Highlight: Director Jeethu Madhav about Fahad Performance on Avesham Movie