1973 മുതല്‍ 2013 വരെ 52 ചിത്രങ്ങള്‍ സംവിധാനം ചെയ്ത് മലയാള സിനിമയില്‍ പകരം വെക്കാനാകാത്ത വ്യക്തിത്വമായി മാറിയിരിക്കുകയാണ് ഹരിഹരന്‍.
ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ വര്‍ഷത്തെ ഏറ്റവും ഉന്നതമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരവും ഹരിഹരനെ തേടിയെത്തി.
തന്റെ പുതിയ ചിത്രമായ കുഞ്ചന്‍നമ്പ്യാരുടെ തിരക്കഥയുടെ അവസാന മിനുക്കു പണിയിലാണ് ഹരിഹരന്‍. ജനം നല്‍കുന്ന ആദരവും അംഗീകാരവുമാണ് ഏറ്റവും മഹത്വമെന്ന് ഹരിഹരന്‍ മലയാള മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒപ്പം ഇതുവരെ താന്‍ ചെയ്ത ചിത്രങ്ങളില്‍ തന്റെ മനസുമായി അടുത്തു നില്‍ക്കുന്ന കഥാപാത്രത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും ഹരിഹരന്‍ മനസുതുറക്കുന്നുണ്ട്.
താങ്കളുടെ 52 ചിത്രങ്ങളില്‍ ഏറ്റവും മികച്ച കഥാപാത്രം ഏതു ചിത്രത്തിലേതായിരുന്നു. അത് മോള്‍ഡ് ചെയ്യാന്‍ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു എന്ന ചോദ്യത്തിന് ഏറ്റവും മികച്ച കഥാപാത്രം എന്നു പറയാവുന്നത് സര്‍ഗത്തിലെ കുട്ടന്‍തമ്പുരാന്‍ ആണെന്നായിരുന്നു ഹരിഹരന്റെ മറുപടി.
മനോജ് കെ. ജയന്‍ ആ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു. മൂന്നു പതിറ്റാണ്ട് കാലമായിട്ടും ആസ്വാദകര്‍ ഇന്നും എന്നോട് ചര്‍ച്ച ചെയ്യാറുള്ളത് സര്‍ഗത്തിലെ കുട്ടന്‍തമ്പുരാന്റെ സൃഷ്ടിയെക്കുറിച്ചാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ആ കഥാപാത്രമായി മാറാന്‍ ശരീരഘടനയിലും സംഭാഷണശൈലിയിലുമെല്ലാം തന്നെ മനോജിനു നല്ല ശിക്ഷണം നല്‍കിയിട്ടുണ്ട്.
വെറ്റിലമുറുക്കുന്ന രീതി, ബീഡിവലിക്കുന്ന രീതി, നീണ്ടുവലിഞ്ഞുള്ള ആ നടത്തം എന്നിവയെല്ലാം പലതവണ അഭിനയിച്ചു കാണിച്ചും പറഞ്ഞുകൊടുത്തുമാണ് മോള്‍ഡ് ചെയ്തത്.
പൂര്‍ണതയ്ക്കുവേണ്ടി സെറ്റില്‍ പലതവണ ഷോട്ടുകള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. അതേപോലെ ശരപഞ്ചരത്തിലും ഒരാഴ്ചയോളം ജയനു പരിശീലനം കൊടുത്ത ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. ആ ശൈലിയാണ് നടപ്പിലും സംഭാഷണത്തിലുമെല്ലാം പിന്നീട് ജയന്‍ പിന്‍തുടര്‍ന്നത്.
ചെയ്ത 52 ചിത്രങ്ങളില്‍ വ്യക്തിപരമായി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രം ഏതായിരുന്നു എന്ന ചോദ്യത്തിന് എല്ലാ ചിത്രങ്ങളും ഇഷ്‌പ്പെട്ടവ തന്നെയാണെന്നും എങ്കിലും കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രം ‘സര്‍ഗ’മാണെന്നും ഹരിഹരന്‍ പറയുന്നു.
ഒന്നാമതായി ആത്മബന്ധമുള്ള കഥാംശം, കഥാപാത്രങ്ങള്‍, അന്തരീക്ഷം. രണ്ടാമതായി സംഗീതത്തിന്റെ ദൈവീകമായ ചൈതന്യം. അന്തര്‍ധാരയായി ഞാന്‍ രചിച്ച തിരക്കഥ. തിരക്കഥ മാത്രമല്ല, കഥാപാത്രങ്ങളുടെ സ്വഭാവിഷ്‌ക്കരണത്തിലും വ്യത്യസ്തമായ സംഭാഷണശൈലിയിലുമെല്ലാംതന്നെ എന്റെ കരമനഃസ്പര്‍ശമുണ്ട്. പലരും എനിക്കടുത്തു പരിചയമുള്ളവരായതുകൊണ്ടാണ് അത് സംഭിച്ചത്.
എന്റെ ബാല്യകാലസ്മരണകളിലെ പ്രാധാന്യമുള്ള അന്തരീക്ഷമാണ് അതിലെ ബ്രാഹ്മണത്തറവാട്. അതായത് ഇല്ലം. സര്‍ഗത്തിലെ കുട്ടന്‍തമ്പുരാന്റെ കോവിലകം. ഞാന്‍ മദിരാശിയില്‍ വന്നുപെട്ട് ചലച്ചിത്രസംവിധായകനായ ശേഷം നാട്ടില്‍ വരുമ്പോഴെല്ലാം അമ്മ പറയും ആ ഇല്ലത്ത് അസുഖമായി കിടക്കുന്ന അന്തര്‍ജ്ജനത്തെ (കഥയിലെ കുട്ടന്‍ തമ്പുരാന്റെ അമ്മ) ഒന്നു പോയി കാണണമെന്ന്.
അവര്‍ പലപ്പോഴും എന്നെപ്പറ്റി അന്വേഷിക്കാറുണ്ടത്രേ. എനിക്കവരെ പോയി കാണുന്നതില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. അതിനു കാരണവുമുണ്ടായിരുന്നു. മറ്റൊരു തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു, ഇപ്രാവശ്യം നീ അവരെ കണ്ടിട്ടേ പോകാവൂ. അടുത്ത തവണ നീ വരുമ്പോള്‍ അവര്‍ ഉണ്ടായെന്നു വരില്ല.
അങ്ങനെ രണ്ടു പതിറ്റാണ്ട് കാലത്തിനു ശേഷം ഞാന്‍ ആ എട്ടുകെട്ടുള്ള ഇല്ലത്തെ ഇരുണ്ട ഇടനാഴിയിലൂടെ നടന്ന് അഞ്ചാം പുരയില്‍ അവശയായി കിടക്കുന്ന ആ അന്തര്‍ജനത്തെ പോയി കാണുന്നു. ആ കൂടിക്കാഴ്ചയില്‍ നിന്നാണ് സര്‍ഗത്തിന്റെ തിരക്കഥ എന്റെ മനസ്സില്‍ രൂപം കൊള്ളുന്നത്. അതില്‍ ഗതകാല ജീവിതത്തിന്റെ പ്രതിഫലനങ്ങളുണ്ട്. ആലങ്കാരികമായ മുഹൂര്‍ത്തങ്ങളുണ്ട്.
ഒരു സിനിമക്കാവശ്യമായ പ്രണയസൗരഭ്യമുണ്ട്. സംസ്ഥാനതലത്തില്‍ നല്ല സിനിമയുടെ ഒരു വിഭാഗത്തിലും ‘സര്‍ഗം’ അംഗീകരിക്കപ്പെട്ടില്ലെങ്കിലും ദേശീയതലത്തില്‍ ജനപ്രീതി നേടിയ കലാമൂല്യമള്ള ചിത്രം എന്ന വിഭാഗത്തില്‍ പുരസ്‌കാരം ലഭിക്കുകയുണ്ടായി. കൂടാതെ ഇന്ത്യന്‍ പനോരമ, ജപ്പാന്‍ ഫിലിം ഫെസ്റ്റിവെല്‍, ഫ്രാന്‍സ് പിയാങ്ങ് യോങ്ങ് ഫിലിംഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ ‘സര്‍ഗം’ ക്ഷണിക്കപ്പെടുകയും ചില അംഗീകാരങ്ങള്‍ ലഭിക്കുകയുമുണ്ടായി. ഇതിനും പുറമേ 2014ല്‍ മ്യൂസിക്കല്‍ ജേര്‍ണി ഒഫ് വേള്‍ഡ് സിനിമ എന്ന വിഭാഗത്തില്‍ അത് ഗോവയില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി, ഹരിഹരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക