ഫാസിലിന്റെ സംവിധാനത്തില്‍ നയന്‍താര – മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച ചിത്രമാണ് വിസ്മയത്തുമ്പത്ത്. മുകേഷ്, ഹരിശ്രീ അശോകന്‍, നെടുമുടി വേണു, കല്‍പന എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയ ഈ സിനിമ 2004ലായിരുന്നു പുറത്തിറങ്ങിയത്.
മണിച്ചിത്രത്താഴിന് ശേഷം ഫാസില്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമാണ് വിസ്മയത്തുമ്പത്ത്. സിനിമയില്‍ നയന്‍താര റീത്തയായും മോഹന്‍ലാല്‍ ശ്രീകുമാറായുമാണ് എത്തിയത്. താന്‍ ഈ ചിത്രത്തിലേക്ക് നയന്‍താരയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ഫാസില്‍.
പതിനാറോ പതിനേഴോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ നയന്‍താരയെ കാണുന്നതെന്നും സാരിയുടുത്ത് അച്ഛനും അമ്മക്കും ഒപ്പം വന്ന നടിയെ കണ്ടയുടനെ തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഫാസില്‍ പറഞ്ഞു.
ആ സമയത്തുള്ള ബോഡി ലാഗ്വേജും ചിരിയും കോണ്‍ഫിഡന്‍സും കണ്ടപ്പോള്‍ തന്നെ മനസ് കൊണ്ട് മോഹന്‍ലാലിന്റെ ഹീറോയിനായി താന്‍ നയന്‍താരയെ കണ്ടുവെന്നും സംവിധായന്‍ കൂട്ടിച്ചേര്‍ത്തു. നയന്‍താര – ബിയോണ്ട് ദി ഫെയറി ടേല്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യൂമെന്ററിയിലാണ് ഫാസില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഏതാണ്ട് ഒരു പതിനാറോ പതിനേഴോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആ പെണ്‍കുട്ടിയെ കാണുന്നത്. ഞാന്‍ ഒരിക്കല്‍ സത്യന്‍ അന്തിക്കാടിനെ വിളിച്ച് പുതിയ കുട്ടി എങ്ങനെയുണ്ടെന്ന് ചോദിച്ചു. അപ്പോള്‍ ഡയാന എന്നാണ് പേരെന്ന് പറഞ്ഞു. പക്ഷെ അപ്പോഴേക്കും സത്യന്‍ അവളുടെ പേര് നയന്‍താരയെന്നാക്കി മാറ്റിയിരുന്നു.
പെട്ടെന്ന് ഒരു ദിവസം ഈ കുട്ടി എന്റെ അടുത്തേക്ക് കയറി വരികയായിരുന്നു. ഒരു സാരിയൊക്കെ ഉടുത്ത് അച്ഛനും അമ്മക്കും ഒപ്പമായിരുന്നു അവള്‍ വന്നത്. കയറി വന്ന ഉടനെ തന്നെ ഞാന്‍ ആ ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്തു. കാരണം ആ കയറി വരുമ്പോഴുള്ള ബോഡി ലാഗ്വേജും അവളുടെ ചിരിയും കോണ്‍ഫിഡന്‍സും കണ്ടപ്പോള്‍ തന്നെ മനസ് കൊണ്ട് മോഹന്‍ലാലിന്റെ ഹീറോയിന്‍ ആയിട്ട് ഞാന്‍ കണ്ടു.
അങ്ങനെയാണ് നയന്‍താര വിസ്മയത്തുമ്പത്ത് എന്ന എന്റെ സിനിമയിലേക്ക് വരുന്നത്. എന്റെ വിശ്വാസം ശരിയാണെങ്കില്‍ അത് അവളുടെ രണ്ടാമത്തെ സിനിമയാകണം.
ആ സിനിമ കഴിഞ്ഞപ്പോള്‍ ഈ പെണ്‍കുട്ടി ഇവിടെയൊന്നും നില്‍ക്കാന്‍ പോകുന്നില്ലെന്നും കയറി പോകുമെന്നും എന്റെ മനസ് പറഞ്ഞിരുന്നു. അങ്ങനെ വിസ്മയത്തുമ്പത്ത് കഴിഞ്ഞതും നയന്‍താര പിന്നെ പിടികിട്ടാത്ത രീതിയില്‍ വളര്‍ന്ന് മുകളിലേക്ക് പോയി,’ ഫാസില്‍ പറയുന്നു.
Content Highlight: Director Faasil Talks About Casting Of Nayanthara With Mohanlal In Vismayathumbathu Movie