ആടുജീവിതം എന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ബ്ലെസ്സി. ഓണ്‍ലൈനില്‍ ചോര്‍ന്നത് ട്രെയിലര്‍ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ വേള്‍ഡ് റിലീസിന് മുന്നോടിയായി ഇന്റര്‍നാഷണല്‍ ഏജന്റ്‌സിന് അയച്ചു നല്‍കിയിരുന്നു.
ഗ്രേഡിങ് അടക്കം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാനുളള ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നതെന്നും ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും ബ്ലെസ്സി വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”ആടുജീവിതത്തിന്റെ ട്രെയ്‌ലര്‍ അണ്‍ ഒഫീഷ്യലി ഇന്നലെ വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. യു.എസിലെ കാലിഫോര്‍ണിയയിലെ ഡെഡ്‌ലൈന്‍ എന്ന മാഗസീനിലാണ് ഇത് ആദ്യമായിട്ട് വന്നതെന്നാണ് മനസിലാക്കുന്നത്.
ട്രെയ്‌ലറല്ല പ്രചരിക്കുന്നത് പകരം മൂന്ന് മിനിറ്റോളമുള്ള കണ്ടന്റാണ് പ്രചരിക്കുന്നത്. ട്രെയ്‌ലര്‍ എന്ന നിലയില്‍ അതിനെ ട്രീറ്റ് ചെയ്യാന്‍ പറ്റില്ല. ബിസിനസ് പര്‍പ്പസിനും ഫെസ്റ്റിവല്‍സിനൊക്കെയുള്ള ഏജന്റ്‌സിന് കാണിക്കാനായിട്ട് തയ്യാറാക്കിയതാണ് അത്.
ട്രെയ്‌ലര്‍ എന്ന് പറഞ്ഞാല്‍ ഒരുമിനിറ്റോ രണ്ട് മിനിറ്റിലോ ഒതുങ്ങുന്നതാണ്. ഇത് പക്ഷെ മൂന്ന് മിനിറ്റോളമുണ്ട്. അങ്ങനെ പ്രചരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ വിഷമമുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് ഒഫീഷ്യലല്ല.
ആടുജീവിതത്തിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് പോയതില്‍ മാനസികമായി വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്,” ബ്ലെസി പറഞ്ഞു.
ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയാണ് ആടുജീവിതം ബ്ലെസ്സി ഒരുക്കുന്നത്. പൃഥ്വിരാജ് നായകനായ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം ചോര്‍ന്നത് ആശയക്കുഴപ്പത്തിലാക്കി. തുടര്‍ന്ന് പൃഥ്വിരാജ് തന്നെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനി അക്കൗണ്ടിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
അത് മനപൂര്‍വം അല്ലായിരുന്നു എന്ന കുറിപ്പോടെയാണ് ട്രെയ്‌ലര്‍ പൃഥ്വിരാജ് പുറത്തുവിട്ടത്. ട്രെയ്‌ലര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് അല്ല. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയ്‌ലര്‍ ഓണ്‍ലൈനില്‍ എത്തിയതായിരുന്നു. ജോലി തീര്‍ന്നിട്ടില്ല പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
content highlight: director blessy about aadujeevitham trailer