തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിനെയാണ് പ്രോട്ടോക്കോള്‍ ഓഫീസറായ ബി. സുനില്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്.
കസ്റ്റംസിനും എന്‍.ഐ.എയ്ക്കും ഇത് സംബന്ധിച്ച് കത്ത് കൈമാറി. കോണ്‍സുലേറ്റ് നല്‍കിയ ഒപ്പിന്റെ പകര്‍പ്പും മുമ്പ് നല്‍കിയ കത്തുകളും കൈമാറിയിട്ടുണ്ട്.
മതഗ്രന്ഥം പാഴ്‌സലായി വന്ന സംഭവത്തിലാണ് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകള്‍ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.
ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി.ജലീല്‍ വെളിപ്പെടുത്തിയിരുന്നു.
സി-ആപ്റ്റില്‍ നിന്നും ചില പാഴ്‌സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തിലാണ് കസ്റ്റംസ് വിശദമായ അന്വേഷണം നടത്തുന്നത്.
നേരത്തെ എന്‍.ഐ.എ സംഘം സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാന്‍ സെക്രട്ടേറിയേറ്റില്‍ എത്തിയിരുന്നു. നയതന്ത്ര ബാഗുകള്‍ സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ എത്തി എന്ന കാര്യത്തിലെ വിവര ശേഖരണത്തിനായിരുന്നു എന്‍.ഐ.എ സംഘമെത്തിയത്.
നയന്ത്രബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കണമെങ്കില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. നയതന്ത്രബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ റിപ്പോര്‍ട്ടില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിട്ടാല്‍ മാത്രമേ കസ്റ്റംസിന് ബാഗ് വിട്ടുനല്‍കാന്‍ കഴിയുകയുള്ളൂ.
എന്നാല്‍ നയന്ത്രപാഴ്‌സല്‍ വഴി മതഗ്രസ്ഥങ്ങള്‍ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നല്‍കാനുള്ള സാക്ഷ്യപത്രം നല്‍കാനോ കഴിയില്ലെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്ക് പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യത്തിലാണ് പ്രോട്ടോകോള്‍ ഓഫീസറോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് നാലിന് കസ്റ്റംസ് കാര്‍ഗോയില്‍ നിന്നും പുറത്തേക്ക് പോയ നയന്ത്രബാഗിലാണ് മതഗ്രന്ഥങ്ങള്‍ എത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയന്ത്രപാഴ്‌സലായി എത്തിയിരിക്കുന്നത്. മതഗ്രന്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങള്‍ കൂടി ബാഗില്‍ ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
എന്നാല്‍കഴിഞ്ഞ രണ്ടു വര്‍ഷമായി കോണ്‍സുലേറ്റില്‍ നിന്നും നയതന്ത്ര ബാഗുകളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.