Entertainment
ഷൂട്ടിങ്ങിനിടയില്‍ കുട്ടേട്ടനോട് ഇമോഷന്‍ ഇത്ര മീറ്ററില്‍ മതിയെന്ന് പറയേണ്ടി വന്നു: ദിന്‍ജിത്ത് അയ്യത്താന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 08, 02:33 am
Tuesday, 8th October 2024, 8:03 am

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായിരുന്നു ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബാഹുല്‍ രമേശ് ആയിരുന്നു.

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ഒന്നിച്ച സിനിമയില്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. അപ്പു പിള്ള എന്ന കഥാപാത്രമായിട്ടായിരുന്നു നടന്‍ കിഷ്‌ക്കിന്ധാ കാണ്ഡത്തില്‍ എത്തിയത്. മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍.

‘കുട്ടേട്ടന്‍ കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വലിയ രീതിയില്‍ ഇന്‍വോള്‍വ്ഡ് ആയിരുന്നു. അപ്പു പിള്ള എന്ന കഥാപാത്രത്തെ കുറിച്ച് ആദ്യമായി നമ്മള്‍ നരേറ്റ് ചെയ്ത സമയത്ത് തന്നെ അദ്ദേഹം പല ചോദ്യങ്ങളും ഞങ്ങളോട് ചോദിച്ചിരുന്നു.

അതുകൊണ്ട് ബാഹുല് കൃത്യമായി തന്നെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഡിസ്‌ക്രൈബ് ചെയ്തിരുന്നു. ഈ കഥാപാത്രത്തിന്റെ സ്വഭാവവും കാര്യങ്ങളുമെല്ലാം കുട്ടേട്ടന് ആദ്യമേ തന്നെ ഞങ്ങള്‍ പറഞ്ഞു കൊടുത്തതാണ്.

പിന്നെ അദ്ദേഹം ഒരു നടനെന്ന നിലയില്‍ ഷൂട്ടിന്റെ സമയത്ത് തന്നെ അതിനെ ബില്‍ഡ് ചെയ്ത് എടുക്കുകയായിരുന്നു. പല ഷോട്ടുകളിലും കുട്ടേട്ടന്‍ വരുമ്പോള്‍ നമുക്ക് ആകെയുള്ള ചാലഞ്ച് ആ ഷോട്ടില്‍ എത് തരം ഇമോഷന്‍ സ്‌റ്റേജാണ് കാണിക്കേണ്ടതെന്നും അത് എത്രത്തോളം ഇന്റന്‍സിറ്റിയില്‍ കൊണ്ടുവരണം എന്നതുമാണ്.

ഒരു സീന്‍ വരുമ്പോള്‍ അതിലെ ഇമോഷന്‍ ഇത്ര മീറ്ററില്‍ മതി അല്ലെങ്കില്‍ ഇത്രത്തോളം കുറച്ചാല്‍ മതി എന്നുള്ള കാര്യങ്ങള്‍ മാത്രമാണ് കുട്ടേട്ടനോട് പറയേണ്ടി വന്നിട്ടുള്ളത്. പല നോട്ടത്തില്‍ പോലും കുട്ടേട്ടന്‍ അദ്ദേഹത്തിന്റെ വലിയ കോണ്‍ട്രിബ്യൂഷന്‍ നമുക്ക് തന്നിട്ടുണ്ട്. ഇപ്പോള്‍ സിനിമ കാണുമ്പോള്‍ അതൊക്കെ വളരെ പെര്‍ഫക്ടാണെന്ന് മനസിലാകും,’ ദിന്‍ജിത്ത് അയ്യത്താന്‍ പറഞ്ഞു.

Content Highlight: Dinjith Ayyathan Talks About Vijayaraghavan And KishKindha Kaandam