കാണികള്‍ ഏറെ ആവേശത്തോടെ നോക്കിക്കണ്ട കളിയായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം. മികച്ച ഇന്നിംഗ്‌സുകളും മൊമന്റുകളും പിറന്ന മത്സരത്തില്‍ കളിയുടെ ഗതി മാറ്റി മറിച്ചത് ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ്.
മത്സരത്തിലെ നിര്‍ണായക വഴിത്തിരിവുകൂടിയായിരുന്നു അത്. മാരക ഫോമില്‍ കളിച്ചിരുന്ന രാഹുലിനെ 30 റണ്‍സില്‍ ഔട്ടാക്കിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ മത്സരം ബെംഗളൂരുവിന്റെ കൈയില്‍ നിന്നും വഴുതി നീങ്ങിയേനെ.
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ എട്ടാം ഓവറിലായിരുന്നു രാഹുല്‍ ഔട്ടായത്. കീപ്പര്‍ ക്യാച്ച് ആയതിന് ശേഷവും അമ്പയര്‍ ഔട്ട് വിളിക്കാത്തതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ് ഡി.ആര്‍.എസ് വിളിക്കുകയും വിക്കറ്റ് അനുകൂലമാക്കുകയുമായിരുന്നു.
എന്നാല്‍ പന്ത് തന്റെ ബാറ്റില്‍ കൊണ്ടു എന്ന കാര്യം രാഹുലിന് പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അത്രയും പതിയെ ആയിരുന്നു പന്ത് ബാറ്റിനെ ഉരസി കടന്നുപോയത്.
‘സത്യം പറഞ്ഞാല്‍ എനിക്കൊന്നുമറിയുമായിരുന്നില്ല. ബോള്‍ ബാറ്റില്‍ കൊണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നത്. ആ സമയത്താണ് വിരാട് എന്റെ അടുക്കലേക്ക് ഓടി വന്നത്. ഔട്ട് ആയതുകൊണ്ടാണോ എന്നെനിക്ക് അപ്പോളും സംശയമായിരുന്നു, കാരണം വിരാട് എപ്പോഴും തന്റെ അരികിലേക്ക് ഇങ്ങനെ ഓടി വരാറുണ്ട്.
ഞാന്‍ മറ്റാരെങ്കിലും ഇത് പറയുമോ എന്ന് കാത്തുനില്‍ക്കുകയായിരുന്നു, കാരണം അമ്പയര്‍ വൈഡും വിളിച്ചിരുന്നില്ല. ഞാന്‍ ഫാഫിനോട് ഡി.ആര്‍.എസ് എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു, കാരണം അത് വലിയൊരു വിക്കറ്റ് തന്നെയായിരുന്നു,’ കാര്‍ത്തിക് പറയുന്നു.
24 പന്തില്‍ നിന്നും 30റണ്‍സുമായി രാഹുല്‍ പുറത്താകുകയായിരുന്നു. ഇതോടെയാണ് ബെംഗളൂരുവിന് ആവശ്യമായ ബ്രേക്ക് ത്രൂ ലഭിച്ചത്.
ആര്‍.സി.ബി ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 163 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായരുന്നു.