അവരിപ്പൊ എന്നെക്കുറിച്ച് മോശം പറയില്ലല്ലോ; ആക്ടര്‍ എന്ന നിലയില്‍ എനിക്ക് എന്നെക്കുറിച്ച് അത്ര നല്ല അഭിപ്രായമേയല്ല: പോത്തേട്ടന്‍ എഫക്ടിനെക്കുറിച്ച് ദിലീഷ് പോത്തന്‍
നടനായും സംവിധായകനായും മലയാളസിനിമയില്‍ ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ദിലീഷ് പോത്തന്‍. റിയലിസ്റ്റിക് കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചുകൊണ്ട് ‘പോത്തേട്ടന്‍ എഫക്ട്’ എന്ന പേരിലും മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ സിനിമകള്‍ സംവിധാനം ചെയ്തതിലൂടെ ‘പോത്തേട്ടന്‍ ബ്രില്ല്യന്‍സ്’ എന്ന പേരിലും താരത്തിന്റെ കഴിവിനെ മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ വിശേഷിപ്പിക്കാറുണ്ട്.
തന്റെ അഭിനയത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം പറയുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രകാശന്‍ പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി മാത്യു തോമസ്, നിഷ സാരംഗ് എന്നിവര്‍ക്കൊപ്പമായിരുന്നു ദിലീഷ് സംസാരിച്ചത്.
‘പോത്തേട്ടന്‍ എഫക്ട്’ എന്ന് മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ പറയുന്നതിനെക്കുറിച്ച് എന്താണ് തോന്നിയിട്ടുള്ളതെന്ന അവതാരകയുടെ ചോദ്യത്തിന് നിഷ സാരംഗ് അടക്കമുള്ള താരങ്ങള്‍ മറുപടി പറയുന്നതിനിടെയായിരുന്നു ദിലീഷ് പോത്തന്റെ കമന്റ് വന്നത്.
”ദിലീഷിന്റെ ആക്ടിങ്ങിന് വേറെ ഒരു ശൈലിയാണ്. വേറെ രീതിയും പാറ്റേണുമാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴും എനിക്ക് തോന്നിയത് അങ്ങനെയാണ്,” നിഷ സാരംഗ് പറഞ്ഞു.
”അവരിപ്പൊ എന്തായാലും എന്നെക്കുറിച്ച് മോശമൊന്നും പറയാന്‍ പോകുന്നില്ലല്ലോ. ഇത് എന്നെ ഇരുത്തി എന്നെത്തന്നെ പുകഴ്ത്താന്‍ പറയുന്നത് പോലെയാണ് തോന്നുന്നത്.
ആക്ടര്‍ എന്ന നിലയില്‍ എനിക്ക് എന്നെക്കുറിച്ച് അത്ര നല്ല അഭിപ്രായമേ ഇല്ല. ബാക്കിയുള്ളവര്‍ക്ക് ഉണ്ടെങ്കില്‍ ഓക്കെ,” ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂരാണ് പ്രകാശന്‍ പറക്കട്ടെ സംവിധാനം ചെയ്തിരിക്കുന്നത്.
അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.