അഞ്ച് മണിക്കകം ദിലീപോ അഭിഭാഷകനോ എത്തി ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ നല്‍കണം; നോട്ടീസ് നല്‍കി കോടതി
Kerala
അഞ്ച് മണിക്കകം ദിലീപോ അഭിഭാഷകനോ എത്തി ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ നല്‍കണം; നോട്ടീസ് നല്‍കി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd February 2022, 2:52 pm

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദീലിപും കൂട്ടുപ്രതികളും ഹാജരാക്കിയ ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ നല്‍കാന്‍ കോടതി നിര്‍ദേശം.

ഇന്ന് അഞ്ചു മണിക്കു മുമ്പായി പ്രതികളോ അഭിഭാഷകരോ നേരിട്ടെത്തി പാറ്റേണ്‍ നല്‍കാനാണ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

അണ്‍ലോക്ക് പാറ്റേണ്‍ നല്‍കണമെന്ന് ഇന്നലെ ഹൈക്കോടതി പ്രതികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ആലുവ മജിസട്രേറ്റ് കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

എസ്.പി മോഹനചന്ദ്രനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ച പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മൊബൈല്‍ ഫോണുകള്‍ കോടതിയുടെ സ്റ്റോര്‍ റൂമിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രതികളുടെ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ നിന്ന് ഫോണുകള്‍ പരിശോധനയ്ക്കായി വാങ്ങാം.

അതേസമയം ഫോണുകള്‍ കേരളത്തിലെ ലാബുകളില്‍ പരിശോധിക്കുന്നതിനെ പ്രതിഭാഗം ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. കേരളത്തിലെ ഫൊറന്‍സിക് ലാബുകള്‍ സംസ്ഥാന പൊലീസിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്.

ദിലീപിന്റെയും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയാണ് വീണ്ടും പരിഗണിക്കുക. ചോദ്യം ചെയ്യലിനോട് ദിലീപ് നിസ്സഹകരിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയായ ദിലീപിന്റേത് ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് സഹകരിക്കില്ലയെന്ന് ദിലീപ് പറയുന്നു. ദിലീപ് അടക്കമുളള പ്രതികള്‍ നിസ്സഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഉടനീളം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷന്‍ കോടിയെ ബോധിപ്പിച്ചിരുന്നു.

കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്. ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ ഷാജി ആവര്‍ത്തിച്ചിരുന്നു.