നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു, അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍
Kerala News
നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു, അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 9:29 pm

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹരജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.

കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നു. അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ഉള്ളത്.

അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം.

മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹരജിയില്‍ പറയുന്നത്.

ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡി.ജി.പി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്ക് എതിരെ മാത്രമല്ല, തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്ക് എതിരെയും മാധ്യമ വിചാരണ നടക്കുന്നു. തുടര്‍ അന്വേഷണത്തിന്റെ സമയത്ത് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകള്‍ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകര്‍ക്ക് എതിരെയും അതിജീവിത ഹരജികള്‍ ഫയല്‍ ചെയ്തതായും ദിലീപ് ആരോപിക്കുന്നു.

അതിജീവിതയ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി നിയമിച്ചതായും അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആകും ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക എന്നാണ് സൂചന.

കഴിഞ്ഞ ആഴ്ച്ചയാണ് നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിരുന്നു. കാവ്യ മാധവനെ പ്രതിയാക്കാന്‍ തെളിവില്ലാത്തതിനാല്‍ സാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

കാവ്യ ഉള്‍പ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്റെ കൈയ്യിലുണ്ടെങ്കിലും അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്താണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്.

ഇതോടെ കേസില്‍ 9 പ്രതികളാകും. അഭിഭാഷകര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നെന്നായിരുന്നു ക്രൈംബ്രാഞ്ച് വാദമെങ്കിലും അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രധാന സാക്ഷിയാണ്.

Content Highlight: Dileep approached supreme court on actress attack case