ന്യൂദല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ ആക്ട് 2023ന്റെ രൂപരേഖ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. 2000ത്തിലെ ഐ.ടി. ആക്ടിന്റെ പരിഷ്‌കരണമായാണ് ഡിജിറ്റല്‍ ഇന്ത്യ ആക്ട് 2023 വരുന്നത്.
ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്ര സഹ മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ബെംഗളൂരുവില്‍ വെച്ച് നിയമനിര്‍മാണത്തിന്റെ കാര്യം വ്യക്തമാക്കിയത്.
പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഒരുപാട് തവണ ബില്‍ അവലോകനം ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞതായി ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഐ.ടി ആക്ട് 2000ത്തിലെ സേഫ് ഹാര്‍ബര്‍ തത്വവും പുനര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്റര്‍നെറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യങ്ങളില്‍ ഇടനിലക്കാര്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് പറയുന്ന തത്വമാണ് സേഫ് ഹാര്‍ബര്‍.
സേഫ് ഹാര്‍ബറിന് കടിഞ്ഞാണിടുക എന്ന രീതിയില്‍ സര്‍ക്കാരോ നിയമമോ ആവശ്യപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് 2021ലെ ഐ.ടി നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ ഈ തീരുമാനമാണ് സര്‍ക്കാര്‍ പുനര്‍വിചിന്തനം ചെയ്യുന്നത്.
‘സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ 2000 മുതല്‍ സേഫ് ഹാര്‍ബറിനെ ഒരു ആശയമായി പ്രയോഗിച്ചു വരുന്നു. ഇപ്പോള്‍ അത് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലേക്ക് രൂപാന്തരപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനപരമായും അത് വ്യത്യാസപ്പെട്ടിട്ടുണ്ട്,’ചന്ദ്രശേഖര്‍ പറഞ്ഞു.
ഒരു പ്ലാറ്റ്‌ഫോമിനും മൗലികമായ അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കാനാവില്ലെന്നും എന്നാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അഭിപ്രായ സ്വാതന്ത്ര്യം അല്ലെന്നും അത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കരട് ബില്‍ ഏപ്രിലില്‍ പുറത്തിറക്കാനാണ് സര്‍ക്കാറിന്റെ ആലോചനയെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമേ ബില്‍ അവതരിപ്പിക്കുകയുള്ളുവെന്നും സൂചനകള്‍ വരുന്നുണ്ട്.
ഈ നിയമം ഭാവിയിലേക്ക് കൂടിയുള്ളതാണെന്നും ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
‘ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍, ഡാറ്റാ പരിരക്ഷണം എന്നിവയാണ് ആക്ടില്‍ ഉള്‍പ്പെടുത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയ്ന്‍ തുടങ്ങിയവ ഇപ്പോള്‍ ഉണ്ട്. അത് കൊണ്ട് വരാന്‍ പോകുന്ന പുതിയ നിയമം ഭാവിയിലേക്കും ഉപകാരപ്പെടും’ അദ്ദേഹം പറഞ്ഞു.
content highlight: Digital India Act 2023; Center decided to review ‘Safe Harbour’