തിരുവനന്തപുരം: താന്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മതന്യൂനപക്ഷങ്ങളുടെ വോട്ടു നഷ്ടപ്പെടുമെന്ന ഭീതിയാണ് കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് ഇരുപാര്‍ട്ടികള്‍ക്കുമെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
കഴിഞ്ഞ ദിവസം ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്.
‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു.’- പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പുല്‍വാമയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീധരന്‍ പിള്ള ഇങ്ങനെ ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്.
വിവാദ പരാമര്‍ശത്തില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എല്‍.ഡി.എഫ്, തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതിയും നല്‍കിയിരുന്നു.
ശ്രീധരന്‍ പിള്ളയുടെ നിലപാട് പുച്ഛിച്ച് തള്ളുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണമുണ്ടാക്കന്നതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.