കേരളത്തിന് ഓക്‌സിജന്‍ പ്ലാന്റ് പണിയാന്‍ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പണം തന്നോ ?; സന്ദീപ് വചസ്പതിയുടെ നുണ പ്രചരണത്തിന്റെ സത്യാവസ്ഥയെന്ത് ?
Fact Check
കേരളത്തിന് ഓക്‌സിജന്‍ പ്ലാന്റ് പണിയാന്‍ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പണം തന്നോ ?; സന്ദീപ് വചസ്പതിയുടെ നുണ പ്രചരണത്തിന്റെ സത്യാവസ്ഥയെന്ത് ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 3:33 pm

സംസ്ഥാനത്തിന് 5 ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി ജനുവരി മാസത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥയെന്താണ് ?

കേരളത്തിന് ഓക്‌സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഉദ്ദരിച്ച് കൊണ്ടായിരുന്നു സന്ദീപിന്റെ പ്രചരണം. ‘ഓക്‌സിജന് സംസ്ഥാനത്ത് ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി. എങ്ങനെ ഉണ്ടാകും 5 പ്ലാന്റ് പണിയാന്‍ ജനുവരി മാസത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പണം തന്നിരുന്നുവല്ലോ?. ബൈ ദ ബൈ, കേന്ദ്രം തന്ന പണം ഉപയോഗിച്ച് 5 എണ്ണം എവിടെയൊക്കെ പണിതു എന്ന് കൂടി പറയണേ… ഓക്‌സിജന്‍ കിട്ടാതെ ചെങ്ങന്നൂരില്‍ ഇന്നലെ ഒരാള്‍ പിടഞ്ഞു മരിച്ചത് മറക്കരുത്..’ എന്നായിരുന്നു സന്ദീപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇതിന് തെളിവെന്ന തരത്തില്‍ പി.ഐ.ബിയുടെ പ്രസ് റിലീസും സന്ദീപ് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2021 ജനുവരിയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി 162 പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനായി 137. 33 കോടി രൂപയാണ് അനുവദിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. അതായത് ഒരു പ്ലാന്റിന് ഒരു കോടി രൂപയില്‍ താഴേ.

ആശുപത്രികളില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റുകളാണ് ഇത്. കേരളത്തിലെ അഞ്ച് ഓക്‌സിജന്‍ പ്ലാന്റുകള്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലേക്കുള്ള ഈ പ്ലാന്റുകളിലേക്കുള്ള ടെന്‍ണ്ടര്‍ നടപടികള്‍ പോലും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

2021 ഫെബ്രുവരി 8 ാം തിയ്യതിയാണ് ടെന്‍ണ്ടര്‍ വിളിച്ചിരിക്കുന്നത്. അവസാന തിയ്യതി ജൂലായ് 31 ആണ്.  മാത്രവുമല്ല രാജ്യത്ത് ഇതുവരെ 33 പ്ലാന്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് മിനിസ്ട്രി ഓഫ് ഹെല്‍ത്ത്  ഔദ്യോഗികമായി ഏപ്രില്‍ 18 ന് ചെയ്ത ട്വീറ്റില്‍ പറയുന്നത്.

കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പരിയാരം മെഡിക്കല്‍ കോളെജുകളിലാണ് നിര്‍ദ്ദിഷ്ട പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ സ്വകാര്യ മേഖലയിലേത് അല്ലാതെ മുഖ്യമന്ത്രിയുടെ നൂറ് ദിന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ ഓക്ടോബറില്‍ കേരളത്തില്‍ കെ.എം.എം.എല്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചിരുന്നു. 58 കോടി രൂപയാണ് ഈ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ചെലവായത്. ഇതിനിടെ ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ കേരളം അയച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   Did the Central Government give money in January to build an oxygen plant for Kerala ?; What is the truth behind Sandeep Vachaspati’s propaganda?