ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തായി, ഇനിയും ഇന്റര്‍വ്യൂ കൊടുത്താല്‍ കുടുംബക്കാരെ മുഴുവന്‍ നാറ്റിക്കുമോന്നാ അവരുടെ പേടി: ധ്യാന്‍ ശ്രീനിവാസന്‍
അഭിനയിച്ച സിനിമകളെക്കാളുപരി അഭിമുഖങ്ങളിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ നിരവധി അഭിമുഖങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താനിനി കുറച്ച് നാളത്തേക്ക് അഭിമുഖങ്ങള്‍ നല്‍കുന്നില്ല എന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
ധ്യാന്‍ തിരക്കഥയെഴുതിയ പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളില്‍ പ്രേക്ഷകരോട് നന്ദി അറിയിക്കാന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നതാണ് ധ്യാന്‍.
‘ഇന്റര്‍വ്യൂ ഒക്കെ മടുത്തു. നിര്‍ത്താന്‍ പോവാ. സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ ഓരോ പഴയ കഥകളൊക്കെ പറയുന്നതാ. അപ്പോള്‍ കുറച്ച് പേര്‍ക്ക് ഇന്റര്‍വ്യൂ ഇഷ്ടപ്പെട്ടു എന്ന് പറയും. കഴിഞ്ഞ ദിവസം അച്ഛന്‍ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടില്‍ ഇരിപ്പുണ്ട്. ഇനി കുറച്ച് ദിവസം വീട്ടില്‍ നല്ല കുട്ടിയായി ഒതുങ്ങി കൂടി ഇരിക്കാമെന്ന് വിചാരിച്ചു. നാളെ മുതല്‍ ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും.
ഇനി കുറച്ച് ദിവസത്തേക്ക് ഇന്റര്‍വ്യൂ ഒന്നും ഉണ്ടാവില്ല. അടുത്തിനി സിനിമയൊന്നും റിലീസ് ആവാനില്ല. ഇനി സോളോ ഇന്റര്‍വ്യൂകള്‍ കൊടുക്കുന്നത് നിര്‍ത്തണമെന്നാണ് ഫാമിലി ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്നു വരുന്ന അഭിപ്രായം. ഇങ്ങനെ പോയാല്‍ ഞാന്‍ കുടുംബക്കാരെ മൊത്തം നാറ്റിക്കും എന്നൊരു പേടി അവര്‍ക്കെല്ലാവര്‍ക്കും ഉണ്ട്.
അച്ഛന്റേം എന്റേം ഏട്ടന്റേം കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാക്കി മാമന്‍, മാമി, അവരുടെ മക്കള്‍, മരുമക്കള്‍ ഇവരൊക്കെയുണ്ട്. ഇവര്‍ക്കൊക്കെ ഒരുപേടി, ഇനി ഇവരെയൊക്കെ ഞാന്‍ നാറ്റിക്കുമോയെന്ന്. ഓള്‍റെഡി ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഞാന്‍ പുറത്താണ്. ഇനി കുറച്ച് ദിവസം കഴിയുമ്പോള്‍ ആഡ് ചെയ്യും. ഇനി മുതല്‍ നല്ല കുട്ടിയായിരിക്കാമെന്ന് വിചാരിച്ചു,’ ധ്യാന്‍ പറഞ്ഞു.
ഇതേ ലൈവില്‍ വെച്ച് തന്റെ ജീവിതം സിനിമയാക്കുന്നതിനെ പറ്റിയും ധ്യാന്‍ പറഞ്ഞു. തന്റെ 17 മുതല്‍ 27 വയസ് വരെയുള്ള ജീവിതം സിനിമയാക്കുമെന്നും ഒരു കമിങ് ഓഫ് ഏജ് സിനിമ ആയിരിക്കുമെന്നും ധ്യാന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Dhyan Srinivasan says he will not give interviews for a while