സിനിമകളിലൂടെയും അഭിമുഖങ്ങളുടെയും മലയാളികൾക്കിടയിൽ പ്രിയങ്കരനായി മാറിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ മിനിസ്ക്രീനിലേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയത്തോടൊപ്പം തന്നെ സംവിധായകൻ എന്ന പേരിലും ധ്യാൻ ശ്രദ്ധ നേടിയിരുന്നു. ഈയിടെ നടന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു.
ഈ അടുത്തകാലത്ത് വരെ വണ്ണമുള്ള ശരീരവുമായി അഭിമുഖങ്ങളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട ധ്യാനിന്റെ വണ്ണം കുറച്ച് ഫിറ്റായ ഒരു ലൂക്കാണ് നിലവിൽ പുറത്ത് വന്നിട്ടുള്ളത്.
കുറച്ച് നാൾ മുൻപ് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ചേട്ടൻ ഒരു നല്ല സിനിമ ചെയ്യാൻ പോവുകയാണെന്നും അതിൽ താൻ വണ്ണം കുറച്ച് അഭിനയിക്കേണ്ടതുണ്ടെന്നും ധ്യാൻ സൂചിപ്പിച്ചിരുന്നു.
Dhyan sreenivasan back in fitness for #VarshangalkkuShesham 🤩
Shooting in progress in Ezhupunna pic.twitter.com/EDGIKwKn0J
— Kerala Trends (@KeralaTrends2) October 30, 2023
‘നമ്മുടെ വണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതും ആരോഗ്യം സംരക്ഷിക്കുന്നതുമെല്ലാം നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. പക്ഷെ ഒരു നടനെ സംബന്ധിച്ച് അയാളുടെ ശരീരം വളരെ പ്രധാനപ്പെട്ടതാണ്. ഒരു അഭിനേതാവിന് അങ്ങനൊരു തോന്നൽ ഉണ്ടാവണം.
ഞാൻ ഒരു നടൻ ആണെന്നും, എന്റെ ശരീരം ഞാൻ ശ്രദ്ധിക്കണമെന്നൊരു തോന്നൽ എനിക്ക് ഇത് വരെ ഉണ്ടായിട്ടില്ല. ഇനി അഥവാ ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ തടി കുറയ്ക്കുകയാണെങ്കിൽ അതൊരു നല്ല ചിത്രമാവണം എന്ന നിർബന്ധം എനിക്കുണ്ട്. ചേട്ടൻ കഴിഞ്ഞ വർഷം എന്നോടൊരു സിനിമയുടെ കാര്യം പറഞ്ഞിരുന്നു.
അന്ന് ചേട്ടൻ എന്നോട് ചോദിച്ചത് നീ തടി കുറയ്ക്കാനുള്ള പ്ലാൻ ഉണ്ടോ എന്നായിരുന്നു. ‘ നാളെ ഒരു നല്ല സിനിമ വരുകയാണെങ്കിൽ അതിന് വേണ്ടി തടി കുറച്ചോ അങ്ങനെയാണെങ്കിൽ അതൊരു നല്ല കാര്യമാണ്. അല്ലാതെ നീ കുറയ്ക്കണമെന്നില്ല’ എന്നായിരുന്നു ചേട്ടൻ എന്ന് പറഞ്ഞത്. നല്ല സിനിമയുണ്ടോ എന്ന് അറിയില്ല ഇപ്പോൾ ചെയ്യുന്നതെല്ലാം ആവറേജ് സിനിമകൾ ആണെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ ഞാൻ ഒരു നല്ല സിനിമയുമായി വരാം എന്നായിരുന്നു ചേട്ടൻ അന്ന് പറഞ്ഞത്.
ആ സിനിമ ഉടനെ തന്നെ ഉണ്ടാകും. അതിനുവേണ്ടി ഞാൻ തടി കുറച്ചാലെ ആ ചിത്രം നടക്കുകയുള്ളൂ. ഇനി ഞാൻ തടി കുറച്ചില്ലെങ്കിൽ എന്നെ പുറത്താക്കി വേറെ ഒരാളെ ആ കഥാപാത്രത്തിലേക്ക് എടുക്കുമെന്നും ചേട്ടൻ പറഞ്ഞിട്ടുണ്ട്. എന്നിലെ നടനെ ചിലപ്പോൾ ചേട്ടൻ ആവശ്യമായിരിക്കാം,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.
അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കുശേഷം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഭിമുഖത്തിൽ ധ്യാൻ പരാമർശിച്ച ചേട്ടന്റെ സിനിമ വർഷങ്ങൾക്ക് ശേഷം ആയിരിക്കാം എന്നാണ് പ്രേക്ഷകർ കരുതുന്നത്.
Content Highlight: Dhyan sreenivasan’s New Slim look For Varshangalkk shesham Film Is Viral