Entertainment news
ഹൃദയത്തില്‍ ബാക്കിയെല്ലാം പുതുമുഖങ്ങളാണല്ലോ, പിന്നെ ഫോട്ടോഗ്രാഫറുടെ റോള്‍ എന്തുകൊണ്ട് അജുവിന് കൊടുത്തു; രസികന്‍ കമന്റുകളുമായി അജുവും ധ്യാനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 23, 09:06 am
Thursday, 23rd June 2022, 2:36 pm

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മാത്യു തോമസ്, ദിലീഷ് പോത്തന്‍, നിഷ സാരംഗ്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

പ്രകാശന്‍ പറക്കട്ടെയുടെ കഥ എഴുതിയപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലെ എന്തെങ്കിലും സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ധ്യാന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

”മാത്യുവിനും മാത്യുവിന്റെ അനിയനായി വന്ന കഥാപാത്രത്തിനുമിടയില്‍ ഒരു ബ്രദര്‍ഹുഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള, അച്ഛനും അമ്മയും തമ്മിലുള്ള, അനിയനും ഏട്ടനും തമ്മിലുള്ള റിലേഷന്‍ഷിപ്പും സിനിമയിലുണ്ട്. അതില്‍ അനിയനും ഏട്ടനും തമ്മിലുള്ള കുറേ സാധനങ്ങള്‍ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണ്.

കാരണം ഞാനും ഏട്ടനും തമ്മില്‍ അങ്ങനെയുള്ള കുറേ സാധനങ്ങളുണ്ട്. ഇവര് തമ്മിലുള്ള സംസാരമല്ല ഞാന്‍ പറയുന്നത്. പ്രത്യേകിച്ച് കഴിവൊന്നുമില്ലാത്ത ഒരു അനിയന്‍, കുറേ കഴിവുകളുള്ള, ചെറിയ പ്രായത്തിലേ പാട്ട് പാടുകയും എഴുതുകയും മത്സരങ്ങളില്‍ സമ്മാനം വാങ്ങുകയും പഠിക്കുകയും ചെയ്യുന്ന ഏട്ടന്‍.

സിനിമയില്‍ മാത്യുവാണ് എന്റെ സ്‌പേസില്‍. അങ്ങനെയുള്ള വീട്ടില്‍ സ്വാഭാവികമായും ഒരാളെ ഫേവര്‍ ചെയ്യും, അയാളെ പറ്റി പറയാന്‍ അച്ഛനമ്മമാര്‍ക്ക് നൂറ് നാവായിരിക്കും. മറ്റേയാളെ പറ്റി പറയാന്‍ ഒന്നുമില്ല, പ്രത്യേകിച്ച് കഴിവൊന്നുമില്ല.

എന്റെ പതിനെട്ട് പത്തൊമ്പത് വയസിലൊക്കെ വലിയ ആഗ്രഹങ്ങളോ ലക്ഷ്യമോ ഡ്രീമോ ഒന്നും എനിക്കില്ല. 22 വയസ് പ്രായത്തിലൊന്നും ഇല്ല. അങ്ങനത്തെ ആള്‍ക്കാര്‍ക്കൊന്നും ഈ നാട്ടില്‍ ജീവിക്കണ്ടേ. അങ്ങനെയുള്ള ആളുകളൊക്കെ എങ്ങനെ സര്‍വൈവ് ചെയ്യും.

നമുക്ക് ലക്ഷ്യമോ ഒന്നുമില്ല. നമ്മളെ ഇനി ആരെങ്കിലുമൊക്കെ പിടിച്ച് തള്ളി ലക്ഷ്യത്തിലേക്ക് എത്തിക്കണം. അങ്ങനെ എത്തിപ്പെട്ടതാണ് ഞാനും അജുവുമൊക്കെ. ഒരാള് ഞങ്ങളെ തള്ളിവിട്ടതാണ്,” ധ്യാന്‍ പറഞ്ഞു.

”എനിക്ക് ലക്ഷ്യമൊക്കെ ഉണ്ടായിരുന്നു” എന്ന് അജു ഇതിനിടെ പറഞ്ഞപ്പോള്‍, ”ഓ പിന്നെ, ഞാന്‍ ഈ ഇന്റര്‍വ്യൂ ബോയ്‌കോട്ട് ചെയ്യും, അവന്റെയൊരു ലക്ഷ്യം, ഒരു ലക്ഷ്യവുമില്ല,” എന്നായിരുന്നു ധ്യാന്‍ ഇതിന് നല്‍കിയ മറുപടി.

”നമ്മളെ ഒരാള് കൊണ്ടുവെച്ച് തരണം. അത് ഒരാളാണ്. ഇതൊക്കെ പറഞ്ഞുവരുന്നത് ചേട്ടനെ പറ്റിയാണ് (വിനീത് ശ്രീനിവാസന്‍). പുള്ളിയുടെ ഒരു വിഷന്‍ ആയിരിക്കാം. ഇവനിലൊരു നടനുണ്ട് (അജു വര്‍ഗീസ്) എന്നും എന്നിലൊരു നടനുണ്ട് എന്നും പുള്ളി തിരിച്ചറിഞ്ഞു.

ഒരു ടാലന്റും ഇല്ലാതെ ഞങ്ങളെ കൊണ്ടുവരേണ്ട കാര്യമുണ്ടോ, ഇല്ല. അപ്പൊ ഞങ്ങളെ യൂസ് ചെയ്യുകയായിരുന്നു പുള്ളി.

എനിക്ക് ഹൃദയം സിനിമയില്‍ തോന്നിയ ഒരു കാര്യം ഞാന്‍ പറയാം. അതില്‍ ഒരു ഫോട്ടോഗ്രാഫറുടെ റോള്‍ അജു ചെയ്തല്ലോ. അത് എത്ര പുതുമുഖ നടന്മാര്‍ക്ക് കൊടുക്കാം. സിനിമയില്‍ ബാക്കിയെല്ലാം പുതുമുഖങ്ങളായിരുന്നു. എന്തുകൊണ്ട് അത് അജുവിന് കൊടുത്തു,” ധ്യാന്‍ പറഞ്ഞു.

”ഞാനത് ചോദിച്ചത് കൊണ്ട് തന്നതാണ് അവന്‍, പോരെ,” എന്നായിരുന്നു അജുവിന്റെ കമന്റ്

”അതാണ് ഇവിടത്തെ പോയിന്റ്. ബേസിക്കലി, അജു വര്‍ഗീസ് എന്ന നടനെ എക്‌സ്‌പ്ലോയിറ്റ് ചെയ്യുകയാണ് പുള്ളി (വിനീത്), എന്നാണ് എന്റെ പോയിന്റ്,” ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും പ്രകാശന്‍ പറക്കട്ടെക്ക് ലഭിക്കുന്നത്.

Content Highlight: Dhyan Sreenivasan about Vineeth Sreenivasan, Aju Varghese’s character in Hridayam movie and Prakashan Parakkatte