ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ ഒന്നിലധികം ടേക്ക് പോയാല്‍ എനിക്ക് ടെന്‍ഷനാണ്, പക്ഷേ അയാള്‍ ഒറ്റടേക്കില്‍ ഓക്കെയായാല്‍ ഞാന്‍ നിരാശനാവും: ധനുഷ്
Entertainment
ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ ഒന്നിലധികം ടേക്ക് പോയാല്‍ എനിക്ക് ടെന്‍ഷനാണ്, പക്ഷേ അയാള്‍ ഒറ്റടേക്കില്‍ ഓക്കെയായാല്‍ ഞാന്‍ നിരാശനാവും: ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 22, 07:26 am
Monday, 22nd July 2024, 12:56 pm

സിനിമാജീവിതത്തിന്റെ 25ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് ധനുഷ്. നായകനായി അരങ്ങേറിയ താരം പിന്നീട് ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. കരിയറിലെ 50ാം ചിത്രം സ്വന്തമായി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ധനുഷ്. 50ാം ചിത്രമായ രായനില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

തന്റെ ജ്യേഷ്ഠനും സംവിധായകനുമായ സെല്‍വരാഘനും രായനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധനുഷിന്റെ കരിയറിലെ നാഴികക്കല്ലുകളായ പുതുപ്പേട്ടൈ, കാതല്‍ കൊണ്ടേന്‍, മയക്കം എന്ന എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് സെല്‍വരാഘവനാണ്. ജ്യേഷ്ഠനെ വെച്ച് സിനിമ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ധനുഷ്.

തന്നെ വെച്ച് ഓരോ സിനിമ ചെയ്തപ്പോഴും വല്ലാതെ കഷ്ടപ്പെടുത്തിയ ആളാണ് സെല്‍വയെന്നും ഈ സിനിമയില്‍ സെല്‍വയെ വെച്ച് സീന്‍ എടുത്തപ്പോള്‍ താന്‍ പ്രതികാരം ചെയ്തുവെന്നും ധനുഷ് പറഞ്ഞു. മറ്റുള്ള ആര്‍ട്ടിസ്റ്റുകള്‍ ഒറ്റ ടേക്കില്‍ ഓക്കെയാക്കുമ്പോള്‍ തനിക്ക് സന്തോഷമാണെന്നും എന്നാല്‍ സെല്‍വ ഒറ്റടേക്കില്‍ ഓക്കെയാക്കിയാല്‍ തനിക്ക് നിരാശയാകുമെന്നും ധനുഷ് പറഞ്ഞു.

കാതല്‍ കൊണ്ടേന്‍ എന്ന സിനിമയില്‍ കണ്ണ് നാല് തവണ മാത്രമേ ചിമ്മാവുള്ളൂവെന്ന് പറഞ്ഞ് ബുദ്ധിമുട്ടിച്ചയാളാണ് സെല്‍വയെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു. രായന്റെ ഓഡിയോ ലോഞ്ചിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയില്‍ എനിക്ക് ഏറ്റവും ആനന്ദം തന്നത് സെല്‍വയെ ഡയറക്ട് ചെയ്യാന്‍ പറ്റിയതാണ്. എന്റെ ഗുരു, ആശാന്‍ എന്നൊക്കെ പറയാന്‍ പറ്റുന്നയാളാണ് സെല്‍വ. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും എന്നെ എല്ലാം പഠിപ്പിച്ചത് അദ്ദേഹമാണ്. ഈ സിനിമയില്‍ ഓരോ സീനിലും ഞാന്‍ എന്റെ പക വീട്ടുകയായിരുന്നു. ഓരോ സിനിമയിലും എന്നെ പാട് പെടുത്തിയതിന് ഞാന്‍ തിരിച്ചുകൊടുത്തിട്ടുണ്ട്.

കാതല്‍ കൊണ്ടേന്‍ സിനിമയില്‍ കണ്ണ് ഒരു തവണ അധികം ചിമ്മേണ്ടി വന്നതിന് റീടേക്ക് എടുത്ത മനുഷ്യനാണ് സെല്‍വ. ഈ സിനിമയില്‍ അതിനുള്ളതെല്ലാം തിരിച്ചുകൊടുത്തിട്ടുണ്ട്. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ ഒന്നിലധികം ടേക്ക് പോയാല്‍ എനിക്ക് ടെന്‍ഷനാകും. പക്ഷേ സെല്‍വ ആദ്യടേക്കില്‍ ഓക്കെയാക്കിയാല്‍ ചാന്‍സ് മിസ്സായല്ലോ എന്ന് ആലോചിച്ച് ഞാന്‍ നിരാശനാകും,’ ധനുഷ് പറഞ്ഞു.

Content Highlight: Dhanush shares the experience of directing Selvaraghavan in Raayan