സെമിയില്‍ പുറത്തായെങ്കിലും ഇന്ത്യന്‍ ടീമിന് കിട്ടാന്‍ പോകുന്നത് കോടികള്‍
Sports News
സെമിയില്‍ പുറത്തായെങ്കിലും ഇന്ത്യന്‍ ടീമിന് കിട്ടാന്‍ പോകുന്നത് കോടികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th November 2022, 5:06 pm

ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. രണ്ടാം കിരീടം മോഹിച്ചെത്തിയ ഇന്ത്യക്ക് ഇംഗ്ലണ്ട് ഏല്‍പിച്ച പ്രഹരം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനിയച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് തികക്കും മുമ്പേ ഓപ്പണര്‍ കെ.എല്‍. രാഹുലിനെ നഷ്ടമായ ഇന്ത്യക്ക് അധികം വൈകാതെ രോഹിത് ശര്‍മയെയും നഷ്ടമായിരുന്നു.

മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്‌ലിയും അഞ്ചാം സ്ഥാനത്തിറങ്ങിയ ഹര്‍ദിക് പാണ്ഡ്യയും റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വിജയത്തിന് അതൊന്നും മതിയാകില്ലായിരുന്നു.

ഒടുവില്‍ ഇന്ത്യ ആറ് വിക്കറ്റിന് 168 റണ്‍സ് എന്ന നിലയില്‍ പോരാട്ടമവസാനിപ്പിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പത്ത് വിക്കറ്റും നാല് ഓവറും ബാക്കിയിരിക്കെ വിജയം കൈപ്പിടിയിലൊതുക്കി.

ക്യാപ്റ്റന്‍ ജോസ് ബട്‌ലറും അലക്‌സ് ഹേല്‍സുമായിരുന്നു ഇംഗ്ലണ്ടിനായി വെടിക്കെട്ട് നടത്തിയത്.

എന്നാല്‍ സെമിയില്‍ തോറ്റ ഇന്ത്യക്ക് വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരില്ല. സെമിയില്‍ പുറത്താവുന്ന ടീമിന് നാല് ലക്ഷം ഡോളര്‍ അഥവാ മൂന്ന് കോടിയിലധികം ഇന്ത്യന്‍ രൂപ (3,22,19,260)യാണ് സമ്മാനമായി ലഭിക്കുക.

ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ് പുറത്തായ ന്യൂസിലാന്‍ഡിനും ഇതേ തുക ലഭിക്കും.

ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് എട്ട് ലക്ഷം ഡോളറാണ് സമ്മാനമായി ലഭിക്കുക. അതായത് ഏകദേശം ആറരക്കോടി രൂപ.

ഫൈനലില്‍ ജയിക്കുന്ന ടീമിന് 16 ലക്ഷം ഡോളര്‍ അഥവാ ഏകദേശം 13 കോടി രൂപ (12,73,96,704) സമ്മാനത്തുകയായി ലഭിക്കും. മെല്‍ബണില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിജയിച്ച് ഇംഗ്ലണ്ടിനോ പാകിസ്ഥാനോ ഈ തുകയും ഒപ്പം ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായി സ്വന്തം നാട്ടിലേക്ക് വണ്ടി കയറാം.

 

Content Highlight: Despite being out in the semi-finals, the Indian team is going to get crores as prize money