കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലപാതകത്തിലും കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധവും ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിലും വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷത്തിനും സി.പി.ഐക്കും മറുപടിയുമായി സി.പി.ഐ.എം മുഖപത്രം ദേശാഭിമാനി.
കോലാഹലക്കാരുടെ ഉദ്ദേശം മുതലെടുപ്പ് മാത്രമാണെന്നും സര്‍ക്കാരിനെ പ്രതികൂട്ടില്‍ നില്‍ക്കാനുള്ള തീരുമാനം ആരെയാണ് സഹായിക്കുകയെന്നും പത്രം ചോദിക്കുന്നു.
ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്നും മാവോയിസ്റ്റ് ഭീഷണി നിസാരവല്‍ക്കരിക്കുന്നെന്നും എഡിറ്റോറിയലില്‍ പറയുന്നുണ്ട്. സി.പി.ഐയെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.
കേരളത്തിലെ പ്രതിപക്ഷകക്ഷികള്‍ നിര്‍ഭാഗ്യവശാല്‍ ജനവിരുദ്ധസമീപനവും കുറ്റകരമായ അനാസ്ഥയുമാണ് കാണിക്കുന്നതെന്നും പത്രം പറയുന്നു.
സംഭവത്തില്‍ വിശദമായ പരിശോധന നടന്നുവരികയുമാണ്. ഇക്കാര്യത്തില്‍ കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണ്. എന്നാല്‍, സര്‍ക്കാരിന് മുറുകെ പിടിക്കാനുള്ളത് നിയമവ്യവസ്ഥയും ജനതാല്‍പ്പര്യവുമാണ് എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെയും പൊലീസിന് എതിരെയും വിമര്‍ശനവുമായി സി.പി.ഐ പത്രം ജനയുഗം രംഗത്ത് എത്തിയിരുന്നു.