ഡെന്മാര്‍ക്കില്‍ ഇടതുസഖ്യം തന്നെ അധികാരത്തില്‍ തുടരും
World News
ഡെന്മാര്‍ക്കില്‍ ഇടതുസഖ്യം തന്നെ അധികാരത്തില്‍ തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd November 2022, 9:48 pm

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്കില്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ (Mette Frederiksen) തന്നെ അധികാരത്തില്‍ തുടരും. പൊതുതെരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍, രാജ്യത്തെ ഇടതുപക്ഷ സഖ്യം ഒരു സീറ്റിന്റെ ഭൂരിപക്ഷം നേടിയതോടെയാണ് മെറ്റെ ഫ്രെഡറിക്കിന്റെ തുടര്‍ഭരണം ഉറപ്പായത്.

”ഞാന്‍ വളരെ വളരെ സന്തോഷവതിയാണ്,” എന്നായിരുന്നു ഭൂരിപക്ഷം തെളിയിക്കപ്പെട്ട ശേഷം പാര്‍ലമെന്റില്‍ തന്നെ പിന്തുണക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് മെറ്റെ ഫ്രെഡറിക്സെന്‍ ബുധനാഴ്ച പ്രതികരിച്ചത്.

കഴിഞ്ഞ നാല് വര്‍ഷമായി ഫ്രെഡറിക്സെന്‍ തന്നെയാണ് ഡെന്മാര്‍ക്കില്‍ അധികാരത്തിലിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ നേരിയ മാര്‍ജിനിലായിരുന്നു മെറ്റെ ഫ്രെഡറിക്സെന്റെ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. ഫ്രെഡറിക്സെന്റെ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് ഡെന്മാര്‍ക്ക് മെയിന്‍ലാന്‍ഡില്‍ നിന്ന് മാത്രം 87 സീറ്റുകളാണ് ലഭിച്ചത്. മറ്റ് മൂന്ന് സ്വയംഭരണ ഓവര്‍സീസ് പ്രവിശ്യകളായ ഫാറോ ദ്വീപുകളില്‍ (Faroe Islands) നിന്നും ഗ്രീന്‍ലാന്‍ഡില്‍ (Greenland) നിന്നും പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ കൂടി ലഭിച്ചു.

ഇതോടെ 179 അംഗ പാര്‍ലമെന്റില്‍ 90 സീറ്റുകളുടെ ഭൂരിപക്ഷം സോഷ്യല്‍ ഡെമോക്രാറ്റിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ബ്ലോക്കിന് ലഭിച്ചു.

വലതുപക്ഷ സഖ്യമായ ബ്ലൂ ബ്ലോക്കിന് ഡെന്മാര്‍ക്കിലെ മെയിന്‍ലാന്‍ഡില്‍ നിന്നും 72 സീറ്റും ഫറോ ഐലന്‍ഡില്‍ നിന്നും ഒരു സീറ്റും മാത്രമാണ് നേടാനായത്. മൂന്ന് പോപുലിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയുള്ള ലിബറല്‍- കണ്‍സര്‍വേറ്റീവ് സഖ്യമാണ് ബ്ലൂ ബ്ലോക്ക്.

തെരഞ്ഞെടുപ്പ് വിജയത്തോടെ പുതിയ സെന്റര്‍- ലെഫ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രെഡറിക്സെന്‍.

Content Highlight: Denmark’s Social Democrat Prime Minister Mette Frederiksen will retain power