national news
ഒറ്റ പെണ്‍കുട്ടി നയം നടപ്പിലാക്കാനൊരുങ്ങി ദല്‍ഹി സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 27, 11:38 am
Friday, 27th December 2024, 5:08 pm

ന്യൂദല്‍ഹി: പി.ജി പ്രോഗ്രാമുകളില്‍ ഒറ്റ പെണ്‍കുട്ടി നയം നടപ്പിലാക്കാനൊരുങ്ങി ദല്‍ഹി സര്‍വകലാശാല. 2025-26 അക്കാദമിക് വര്‍ഷത്തില്‍ ഒറ്റ പെണ്‍കുട്ടിക്ക് ഓരോ ബിരുദാനന്തര കോഴ്‌സിലും ഒരോ സീറ്റ് സംവരണം ചെയ്യാനാണ് പദ്ധതി.

പദ്ധതി നടപ്പിലാക്കാന്‍ ഇന്ന് നടക്കുന്ന അക്കാദമിക് യോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിവാഹിതരായ പെണ്‍കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

2023-24 അധ്യയന വര്‍ഷത്തില്‍ ഒറ്റക്കുട്ടി നയം കൊണ്ടുവന്നിരുന്നു. ഈ പദ്ധതി പ്രകാരം 764 വിദ്യാര്‍ത്ഥികള്‍ക്ക് 69 കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നു.

ഈ വര്‍ഷത്തെ പ്രവേശന നയത്തില്‍ കാര്യമായ മറ്റ് തീരുമാനങ്ങളൊന്നും സര്‍വകലാശാല എടുത്തിരുന്നില്ല. പ്രവേശന നയങ്ങളില്‍ പ്രാധാന്യം നല്‍കുന്നത് ഒറ്റ പെണ്‍കുട്ടി നയത്തിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്ക് ബിരുദാനന്തര പ്രവേശനം നടത്തുന്നത് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി), കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റം (സി.എസ്.എ.എസ്) എന്നിവയിലൂടെയാണ്.

മുന്‍ അധ്യയന വര്‍ഷങ്ങളില്‍ 13,500 പി.ജി സീറ്റുകളിലേക്ക് 90,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. പുതിയ നിര്‍ദേശം അംഗീകരിച്ചാല്‍, സര്‍വകലാശാല വാഗ്ദാനം ചെയ്യുന്ന 77 പി.ജി പ്രോഗ്രാമുകളിലും സംവരണം ലഭിക്കും.

പുതിയ സംരംഭത്തിന് പുറമേ, സ്പോര്‍ട്സ്, ഭിന്നശേഷി, സൈനികരുടെ കുട്ടികള്‍, വിധവകള്‍, അനാഥരായ കുട്ടികള്‍ എന്നിവയുള്‍പ്പെടെ മറ്റ് വിഭാഗങ്ങള്‍ക്കായും ദല്‍ഹി യൂണിവേഴ്‌സിറ്റി സീറ്റുകള്‍ സംവരണം ചെയ്യുന്നുണ്ട്.

പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, അവസരങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ട് ദല്‍ഹി യൂണിവേഴ്‌സിറ്റി ഈ വര്‍ഷം ബിരുദ പ്രോഗ്രാമുകളിലേക്കും ഒറ്റ പെണ്‍കുട്ടികളുടെ ക്വാട്ട ആരംഭിച്ചിരുന്നു. 69 കോളേജുകളും ഡിപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുന്ന ഈ ക്വാട്ട സമ്പ്രദായത്തിന് കീഴില്‍ ആകെ 71,000 സീറ്റുകള്‍ ലഭ്യമാണ്.

Content Highlight: Delhi University to implement one-girl policy