സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദല്‍ഹി പൊലീസ്
national news
സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st December 2022, 12:54 pm

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ ദല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു.

കേസിന്റെ വിചാരണയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയ വിചാരണ കോടതിയുടെ നടപടിക്കെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി 15 മാസത്തിന് ശേഷമാണ് ദല്‍ഹി പൊലീസിന്റെ നടപടി.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസും നടപടികളുമായി ദല്‍ഹി പൊലീസ് മുന്നോട്ട് പോയിരുന്നെങ്കിലും ദല്‍ഹിയിലെ പാട്യാല ഹൗസ് വിചാരണ കോടതി ശശി തരൂരിന് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

ഇതിനെതിരെയാണ് 15 മാസത്തിന് ശേഷം പൊലീസ് കോടതിയെ സമീപിച്ചത്.

കേസ് കോടതിയുടെ പരിഗണനയിലെത്തിയിട്ടുണ്ട്. വിശദമായ വാദം കേള്‍ക്കാന്‍ 2023 ഫെബ്രുവരി ഏഴിലേക്ക് കേസ് മാറ്റി വെച്ചിരിക്കുകയാണ്.

കേസില്‍ ശശി തരൂരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിചാരണ കോടതിയുടെ നടപടിക്കെതിരായി അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി കഴിഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ അപേക്ഷയുമായി ദല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. അതുകൊണ്ട് വിഷയത്തില്‍ ശശി തരൂരിന്റെ അഭിപ്രായം തേടി കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കോടതിയെ സമീപിച്ചതിലെ കാലതാമസം ക്ഷമിക്കണമെന്ന ദല്‍ഹി പൊലീസിന്റെ അപേക്ഷയില്‍ ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയാണ് നോട്ടീസ് അയച്ചത്.

തരൂരിന് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി പിന്‍വലിക്കുക എന്നാണ് അപേക്ഷയില്‍ പ്രധാനമായും ദല്‍ഹി പൊലീസ് മുന്നോട്ടുവെക്കുന്ന ആവശ്യം.

റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയലായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തരൂരിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ്മ ഡല്‍ഹിക്ക് നോട്ടീസ് അയച്ചു

ശശി തരൂരിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ വിവാദമായ സംഭവമായിരുന്നു ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം. 2014 ജനുവരിയിലായിരുന്നു സുനന്ദ പുഷ്‌കറെ ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2015ലാണ് കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മത്സരവും കേരള രാഷ്ട്രീയത്തിലെ തരൂരിന്റെ ഇടപെടലുകളുമടക്കം ശ്രദ്ധ നേടിയ സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോള്‍ ദല്‍ഹി പൊലീസിന്റെ നീക്കവും.

Content Highlight: Delhi Police moves to High Court against the discharge of Congress leader Shashi Tharoor in Sunanda Pushkar death case