ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി ദല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം നിഷേധിച്ച് ആം ആദ്മി സര്‍ക്കാര്‍. കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി സ്റ്റേഡിയം വിട്ടുനല്‍കില്ലെന്നാണ് സര്‍ക്കാര്‍ പൊലീസിനെ അറിയിച്ചത്.
ഒരു കാരണവശാലും ദല്‍ഹി സര്‍ക്കാര്‍ പൊലീസിന് സ്റ്റേഡിയങ്ങള്‍ വിട്ടുകൊടുക്കരുതെന്ന് ആം ആദ്മി പാര്‍ട്ടിയിലെ വിവിധ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റു ചെയ്ത് ജയിലിലാക്കാന്‍ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കുറ്റവാളികളോ തീവ്രവാദികളോ അല്ലെന്നായിരുന്നു ആം ആദ്മി നേതാവ് രാഘവ് ചദ്ദ പ്രതികരിച്ചത്.
‘കര്‍ഷകരെ താല്‍ക്കാലിക ജയിലുകളില്‍ അടക്കാനായി സ്റ്റേഡിയം വിട്ടുകൊടുക്കരുതെന്ന് ഞാന്‍ ദല്‍ഹി സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്. നമ്മുടെ രാജ്യത്തെ കര്‍ഷകന്‍ കുറ്റവാളികളോ തീവ്രവാദികളോ അല്ല.
ഇന്ത്യന്‍ ഭരണഘടന സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 19 (1) പ്രകാരമുള്ള പ്രതിഷേധം ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിന്റെ മുഖമുദ്രയാണ്’, രാഘവ് ചദ്ദ ട്വിറ്ററില്‍ എഴുതി.
കഴിഞ്ഞ ദിവസം ആരംഭിച്ച ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്
ദല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റുന്നതിനുള്ള അനുമതി ദല്‍ഹി സര്‍ക്കാരിനോട് പൊലീസ് ചോദിച്ചിരിക്കുന്നത്. എന്നാല്‍ സ്റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘത്തിന് നേരെയുള്ള പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ എതിര്‍പ്പുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.
‘കേന്ദ്രത്തിന്റെ മൂന്ന് നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് . ഈ നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് പകരം സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തടയുകയാണ്, ജലപീരങ്കികള്‍ ഉപയോഗിക്കുകയാണ്. കര്‍ഷകരോട് ഇത്തരം അനീതികള്‍ ന്യായമല്ല. സമാധാനപരമായ പ്രതിഷേധം അവരുടെ ഭരണഘടനാപരമായ അവകാശമാണ്,’ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ദല്‍ഹിയുടെ അതിര്‍ത്തി പ്രദേശമായ അംബാലയില്‍ വെച്ചാണ് പൊലീസ് കര്‍ഷകര്‍ക്കെതിരെ ജലപീരങ്കികളും, കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചത്. പൊലീസിന്റെ ശക്തമായ പ്രതിരോധത്തെ അവഗണിച്ചുകൊണ്ടാണ് വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പോകുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ദശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. ട്രാക്ടറുകളിലും കാല്‍നടയായും ആയിരകണക്കിന് കര്‍ഷകരാണ് ഈ സമരത്തിനായി ഒത്തുകൂടിയിട്ടുള്ളത്.
സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ പാനിപ്പത്തിലാണ് തമ്പടിച്ചിരിക്കുകയാണ്. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഇവര്‍ അറിയിച്ചു. തങ്ങള്‍ ജയിക്കാനാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറയുന്നു.
അതിര്‍ത്തിയില്‍ വൈകുന്നേരത്തോടെ 50,000ത്തിലധികം കര്‍ഷകര്‍ എത്തിച്ചേരുമെന്നാണ് കരുതുന്നതെന്ന് സയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസ്താവനയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ട്രാക്ടറുകളിലും ട്രോളികളിലും ഉള്‍പ്രദേശങ്ങളിലുള്ള കര്‍ഷക സ്ത്രീകളെയും കുട്ടികളെയും കൂടി അതിര്‍ത്തിയില്‍ എത്തിക്കുന്നതോടെ കര്‍ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുകയെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കര്‍ഷകര്‍ ഭക്ഷണ സാധനങ്ങളും ടാങ്കറുകളില്‍ വെള്ളവുമൊക്കെയായാണ് സമരത്തിനെത്തിയത്. സമരം മൂന്ന് മാസം വരെ തുടര്‍ന്നാലും അതിനെ നേരിടാനാവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
അതേസമയം ഉത്തര്‍പ്രേദശ്-ദല്‍ഹി, ഹരിയാന- ദല്‍ഹി അതിര്‍ത്തികളിലെല്ലാം കര്‍ഷകരനെ നേരിടാന്‍ കനത്ത പൊലീസ് സേനയെയാണ്
വിന്യസിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ്-ദല്‍ഹി അതിര്‍ത്തിയായ എന്‍.എച്ച് 24, ഡി.എന്‍.ഡി, ദല്‍ഹി അതിര്‍ത്തിപ്രദേശമായ ചില്ലാ ബോര്‍ഡര്‍, ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗു ബോര്‍ഡര്‍, ദല്‍ഹി-ഗുരുഗ്രാം ബോര്‍ഡര്‍ തുടങ്ങി എല്ലാ പ്രദേശങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അതിര്‍ത്തികള്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടും ബാരിക്കേടുകള്‍ കൊണ്ടും അടച്ചിരിക്കുകയാണ് ദല്‍ഹി പൊലീസ്. ഒരു കാരണവശാലും കര്‍ഷകരെ ദല്‍ഹിയിലേക്ക് കടത്തിവിടില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം അര്‍ധ രാത്രി വീണ്ടും കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക