മാനനഷ്ടക്കേസ്; എ.ബി.സി ന്യൂസ് ട്രംപിന് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും
World News
മാനനഷ്ടക്കേസ്; എ.ബി.സി ന്യൂസ് ട്രംപിന് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2024, 9:33 am

വാഷിങ്ടണ്‍: മാനനഷ്ടക്കേസില്‍ നിയുക്ത യു.എസ് പ്രസിഡന്റുമായി ഒത്തുതീര്‍പ്പിലെത്തി എ.ബി.സി ന്യൂസ്. ട്രംപിന് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് എ.ബി.സി ന്യൂസ് സമ്മതിച്ചതോടെയാണ് ഒത്തുതീര്‍പ്പില്‍ എത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഡൊണാള്‍ഡ് ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന അവതാരികയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ചാനലിനെതിരെ കേസെടുത്തിരുന്നു. എ.ബി.സി ന്യൂസിലെ ജോര്‍ജ് സ്‌റ്റെഫാനോപോളന്‍സിന്റെതായിരുന്നു കേസിനടിസ്ഥാനമായ പരാമര്‍ശം.

ഒത്തുതീര്‍പ്പിന്റെ നിബന്ധനകള്‍ പ്രകാരം എ.ബി.സി ന്യൂസ് പണം പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷനും ട്രംപിന്റെ മ്യൂസിയത്തിന് വേണ്ടിയുള്ള ഫണ്ടിലേക്കും സംഭാവന ചെയ്യണമെന്നാണ് പറയുന്നത്.

അതേസമയം ട്രംപിനെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ചാനലും സ്റ്റെഫാനോപോളസും പരസ്യമായി ക്ഷമ ചോദിക്കണമെന്നും കൂടാതെ ബ്രോഡ്കാസ്റ്റര്‍ ഒരു മില്യണ്‍ ഡോളര്‍ അറ്റോര്‍ണി ജനറലിന് ഫീസായി നല്‍കണമെന്നും പറയുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ജഡ്ജി ലിസെറ്റ് എം റീഡ് ട്രംപില്‍ നിന്നും സെറ്റഫനോപോളസില്‍ നിന്നും മൊഴി എടുക്കാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഇരുപക്ഷവും ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു.

റിപ്പബ്ലിക്കന്‍ സെനറ്റായ നാന്‍സി മേസിനെ അഭിമുഖം നടത്തുന്നതിനിടയിലായിരുന്നു ട്രംപിനെ കുറിച്ചുള്ള ജോര്‍ജ് സ്‌റ്റെഫാനോപോളസിന്റെ പരാമര്‍ശം.

ലൈംഗികാതിക്രമക്കേസില്‍ ട്രംപ് ശിക്ഷിക്കപ്പെട്ടുവെന്നായിരുന്നു അവതാരിക അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ന്യൂയോര്‍ക്കിലെ നിയമപ്രകാരം ഇത് കുറ്റകരവുമാണ്.

മാധ്യമ പ്രവര്‍ത്തകയായ ജി.കരോളിനെ ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്നതായിരുന്നു അവതാരികയുടെ പരാമര്‍ശത്തിനിടയാക്കിയ കേസെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തെളിവുകളുടെ അഭാവം മൂലം ട്രംപിനെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചിരുന്നില്ല.

Content Highlight: defamation case; ABC News will pay Trump $15 million in damages