സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മീന. മലയാളത്തിലും തമിഴിലും മറ്റ് ഭാഷകളിലുമായി നിരവധി സിനിമകള്‍ ചെയ്യാന്‍ മീനക്ക് സാധിച്ചിട്ടുണ്ട്. ഒരുകാലത്ത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാള്‍കൂടിയായിരുന്നു മീന.
തമിഴിലും മലയാളത്തിലുമായി മികച്ച സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. തമിഴില്‍ മീന സംവിധായകന്‍ കെ.എസ്. രവികുമാറിനൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം മീന വര്‍ക്ക് ചെയ്ത ആദ്യ സിനിമയായിരുന്നു നാട്ടാമൈ.
1994ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ശരത്കുമാര്‍, ഖുഷ്ബു തുടങ്ങി മികച്ച താരനിര തന്നെയായിരുന്നു മീനയ്‌ക്കൊപ്പം അഭിനയിച്ചത്. ആ വര്‍ഷത്തെ തമിഴിലെ ഹിറ്റ് ചിത്രമായിരുന്നു നാട്ടാമൈ. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മീന.
‘ഞാന്‍ ആദ്യം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ ഒരു തമിഴ് സിനിമയായിരുന്നു നാട്ടാമൈ. എനിക്ക് ഡേറ്റില്ല, എന്നെ വിട്ടേക്കൂവെന്ന് ഞാന്‍ പറഞ്ഞതാണ്. സിനിമയില്‍ ശരത്തിന് രണ്ട് റോളുകള്‍ ഉണ്ടായിരുന്നു.
പിന്നെ ഒരു നായികയായിട്ട് വന്നത് ഖുഷ്ബുവാണ്. വേറെയൊരു പെയര്‍ കൂടി അതേ സിനിമയില്‍ ഉണ്ടായിരുന്നു. ആ പെയറില്‍ നായികയായി എത്തുന്നത് സംഘവിയാണെന്ന് പറഞ്ഞു.
അതൊക്കെ കേട്ടതോടെ എനിക്ക് എന്തിനാണ് ഈ സിനിമ, എനിക്ക് പിന്നെ ചെയ്യാന്‍ എന്താകും ഉണ്ടാകുകയെന്ന് ഞാന്‍ ചിന്തിച്ചു. അതുകൊണ്ട് തന്നെ ഞാന്‍ ആ സിനിമക്ക് നോ പറഞ്ഞു.
ആ സമയത്താണെങ്കില്‍ ഞാന്‍ ആകെ ബിസി ആയിരുന്നു. അത്രയും ടൈറ്റ് ഷെഡ്യൂളായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. പക്ഷെ ആ സമയത്ത് ഒരുപാട് ആളുകള്‍ എന്നോട് ഈ സിനിമ ചെയ്യാന്‍ പറഞ്ഞു.
എനിക്ക് ആ സിനിമയില്‍ 20 ദിവസം മാത്രമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. സംവിധായകന് എപ്പോഴും പെര്‍ഫെക്ട് പ്ലാനിങ്ങാണെന്നും അതുകൊണ്ട് ഒരു ദിവസം പോലും അധികം ആവശ്യം വരില്ലെന്നും ഡേറ്റ് ഇഷ്യു വരില്ലെന്നുമൊക്കെ പലരും പറഞ്ഞു.
കെ.എസ്. രവികുമാര്‍ ആയിരുന്നു ആ സിനിമയുടെ സംവിധായകന്‍. അദ്ദേഹത്തിന്റെ കൂടെ ചെയ്യുന്ന എന്റെ ആദ്യ സിനിമയായിരുന്നു നാട്ടാമൈ. ഇപ്പോള്‍ അദ്ദേഹം എന്റെ ഫേവറൈറ്റായ സംവിധായകനാണ്.
അദ്ദേഹത്തോടൊപ്പം ഒരുപാട് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എല്ലാം വിജയവുമായിരുന്നു. എന്നാല്‍ ആദ്യ സിനിമയില്‍ തന്നെ ഞാന്‍ അദ്ദേഹത്തോട് പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ആ കാര്യങ്ങളൊക്കെ അറിയാം,’ മീന പറഞ്ഞു.
Content Highlight: Meena Talks About KS Ravikumar And Nattamai Movie