ആദം ജോണില്‍ പൃഥ്വി വേണ്ട എന്ന് പറഞ്ഞ പാട്ട് പിന്നീട് ആസിഫിന്റെ പടത്തില്‍ ഉപയോഗിച്ചു, ആ പാട്ട് ഹിറ്റായി: ദീപക് ദേവ്
Entertainment
ആദം ജോണില്‍ പൃഥ്വി വേണ്ട എന്ന് പറഞ്ഞ പാട്ട് പിന്നീട് ആസിഫിന്റെ പടത്തില്‍ ഉപയോഗിച്ചു, ആ പാട്ട് ഹിറ്റായി: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th June 2024, 10:56 pm

സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധാന രംഗത്തേക്ക് എത്തിയ ആളാണ് ദീപക് ദേവ്. 21 വര്‍ഷത്തെ കരിയറില്‍ ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. ചില സിനിമക്ക് വേണ്ടി താന്‍ കമ്പോസ് ചെയ്ത ഗാനങ്ങള്‍ സംവിധായകര്‍ വേണ്ടെന്ന് വെക്കുകയും തൊട്ടടുത്ത സിനിമയില്‍ അത് ഉപയോഗിച്ചപ്പോള്‍ ഹിറ്റായിട്ടുണ്ടെന്നും ദീപക് ദേവ് പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ദേവ് ഇക്കാര്യം പറഞ്ഞത്.

മഴപാടും കുളിരായി എന്ന പാട്ട് ആദ്യം ചെയ്തത് പൃഥ്വിരാജിന്റെ ആദം ജോണ്‍ എന്ന സിനിമക്ക് വേണ്ടിയായിരിന്നുവെന്നും എന്നാല്‍ സിറ്റുവേഷനുമായി  ചേര്‍ന്ന് നില്‍ക്കാത്തതു കൊണ്ട് ആ പാട്ട് വേണ്ടെന്ന് പൃഥ്വി പറയുകയും ചെയ്‌തെന്ന് ദീപക് ദേവ് പറഞ്ഞു. ആദം ജോണിന് ശേഷം താന്‍ ചെയ്ത സണ്‍ഡേ ഹോളിഡേയില്‍ പിന്നീട് ആ ട്യൂണ്‍ ഉപയോഗിച്ചെന്നും ജിസ് ജോയ്ക്ക് അത് ഇഷ്ടമായെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.

‘കമ്പോസ് ചെയ്ത പാട്ടുകളൊന്നും കളയേണ്ടി വന്നിട്ടില്ല. ഡയറക്ടര്‍ക്ക് ഇഷ്ടമായില്ലെന്ന് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ അതെല്ലാം തൊട്ടടുത്ത സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ ഒന്നുരണ്ട് പാട്ട് വേറെ സിനിമയില്‍ ഉപയോഗിച്ച് ഹിറ്റായ കഥകളുണ്ട്. സണ്‍ഡേ ഹോളിഡേയിലെ മഴപാടും കുളിരായി എന്നാ പാട്ട് ആദ്യം ഉദ്ദേശിച്ചത് ആദം ജോണ്‍ എന്ന സിനിമക്ക് വേണ്ടിയായിരുന്നു.

ആദം ജോണിന്റെ കമ്പോസിങ് സമയത്ത് പൃഥ്വി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. എല്ലാ ട്യൂണും കമ്പോസ് ചെയ്ത് ഞാന്‍ അവന് കേള്‍പ്പിച്ചുകൊടുക്കും. അവന്റെ സജഷന്‍ കേട്ടിട്ടാണ് ഞാന്‍ എല്ലാം ചെയ്തിരുന്നത്. മഴപാടും സോങിന്റെ ട്യൂണ്‍ ഞാന്‍ കമ്പോസ് ചെയ്ത് രാജുവിന് കേള്‍പ്പിച്ചു കൊടുത്തു. ‘നന്നായിട്ടുണ്ട്, പക്ഷേ ആ സിനിമയുടെ മൂഡിനോട് ചേരില്ല’ എന്നാണ് അവന്‍ പറഞ്ഞത്.

പിന്നീട് തൊട്ടടുത്ത സിനിമയായ സണ്‍ഡേ ഹോളിഡേയില്‍ ഞാന്‍ ഇതേ ട്യൂണ്‍ ജിസ് ജോയ്ക്ക് കേള്‍പ്പിച്ചുകൊടുത്തു. ജിസ്സിന് ഇത് വളരെ ഇഷ്ടമായി. അവന്‍ തന്നെയാണ് ആ പാട്ടിന് വരികളെഴുതിയത്. ആ പാട്ട് ഹിറ്റായി,’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Deepak Dev saying that he rejected a song from Adam Joan because of Prithviraj’s suggestion and its used in Sunday Holiday