ന്യൂദല്‍ഹി: ഒന്നിലേറെ കൊലപാതകങ്ങള്‍ നടത്തിയ പ്രതിയാണെങ്കിലും മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ വധശിക്ഷ ഒഴിവാക്കാമെന്ന് സുപ്രീം കോടതി. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയ്ക്ക് ശിക്ഷ വിധിക്കവേയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
ഭാര്യയെയും നാല് കുട്ടികളെയും കൊലപ്പെടുത്തിയ ദീന്‍ ദയാല്‍ തിവാരിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് വരുത്തിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നീരീക്ഷണം. ഇത്തരം കേസുകളില്‍ പ്രായം, കുറ്റകൃത്യപശ്ചാത്തലം തുടങ്ങിയവയെല്ലാം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വിചാരണ കോടതി നേരത്തെ ദീന്‍ ദയാലിന് വധശിക്ഷ വിധിച്ചത്. പിന്നാലെ വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
എന്നാല്‍ താന്‍ ചെയ്ത കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നായിരുന്നു പ്രതി ദീന്‍ ദയാല്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.
പ്രതി മാനസാന്തരപ്പെടാന്‍ ഒരു സാധ്യതയും ഇല്ലാതിരിക്കുകയും ജീവപര്യന്തം തടവ് പോരാതെ വരുകയും ചെയ്യുമ്പോള്‍ മാത്രമേ വധശിക്ഷ വിധിക്കാവൂയെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 1980ല്‍ ബച്ചന്‍ സിങ് കേസിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
Content Highlight: Death penalty can be avoided for multiple murders if there is a possibility of repentance: Supreme Court