ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നടന്‍ മിഥുന്‍ ചക്രബര്‍ത്തിയ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
West Bengal Election 2021
ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നടന്‍ മിഥുന്‍ ചക്രബര്‍ത്തിയ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th March 2021, 9:19 pm

കൊല്‍ക്കത്ത: ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നടന്‍ മിഥുന്‍ ചക്രബര്‍ത്തിയ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇനി മുതല്‍ സി.ഐ.എസ്.എഫായിരിക്കും മിഥുന് സുരക്ഷയൊരുക്കുക.

ഇത് പ്രകാരം 11 കമാന്‍ഡോകളും 55 സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മിഥന്‍ ചക്രബര്‍ത്തിയ്ക്കും അദ്ദേഹത്തിന്റെ വസതിയ്ക്കും സുരക്ഷയൊരുക്കുക. മാര്‍ച്ച് ഏഴിനാണ് മിഥുന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മെഗാ റാലിയിലാണ് മിഥുന്‍ ബി.ജെ.പിയുടെ ഭാഗമായത്. ബംഗാളിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാവ് കൈലാഷ് വിജയവര്‍ഗീയ കഴിഞ്ഞ ദിവസം താരത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെ ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പിയായിരുന്ന മിഥുന്‍ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കുടുങ്ങിയതിനു പിന്നാലെ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു.

ശാരദ ഗ്രൂപ്പ് മുതല്‍മുടക്കിയിരുന്ന സ്വകാര്യ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ 1.2 കോടി രൂപ കൈപ്പറ്റിയ സംഭവത്തില്‍ അദ്ദേഹത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. പണം മടക്കി നല്‍കിയ താരം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാംഗത്വം രാജിവച്ചത്.

കുറച്ച് കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ആര്‍.എസ്.എസ്. ആസ്ഥാനം സന്ദര്‍ശിച്ച അദ്ദേഹത്തെ, കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍.എസ്.എസ്. മേധാവി ഡോ. മോഹന്‍ ഭാഗവത് സന്ദര്‍ശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Days after joining BJP, Mithun Chakraborty gets Y+ security from home ministry