ധനുഷ് നായകനായ വെട്രിമാരന്‍ ചിത്രം ‘വട ചെന്നൈ’യുടെ രണ്ടാംഭാഗം പുറത്തിറങ്ങില്ലെന്ന പ്രചരണം വ്യാജമെന്ന് നടന്‍ ധനുഷ്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.
വടചെന്നൈയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഇങ്ങനെ ആശയക്കുഴപ്പം ആളുകള്‍ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പുകള്‍ക്ക് തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ പിന്തുടരണമെന്നും താരം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളില്‍ നിന്നുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്നാണ് രണ്ടാം ഭാഗം ഒഴിവാക്കുന്നതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ചിത്രം വരും വര്‍ഷങ്ങളില്‍ സമയമെടുത്ത് പൂര്‍ത്തീകരിക്കുമെന്ന് സംവിധായകന്‍ വെട്രിമാരനും വ്യക്തമാക്കി.
സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയതിനു പിന്നാലെ വടക്കന്‍ ചെന്നൈയിലെ മത്സ്യത്തൊഴിലാളികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം.
അതിനാല്‍ രണ്ടാംഭാഗം അതേ സ്ഥലത്തുതന്നെ ചിത്രീകരിക്കുന്നത് എളുപ്പമാകാത്തത് കൊണ്ടാണ് ചിത്രീകരണം വൈകുന്നത്. അതേസമയം ആദ്യ ഭാഗത്തിലെ പല താരങ്ങളും നിലവില്‍ മറ്റുപല ചിത്രങ്ങളുടെ ഭാഗമായിരിക്കുന്നതും ചിത്രീകരണം വൈകാന്‍ കാരണങ്ങളാണ്.
50 കോടിയിലേറെ വരുമാനം നേടിയ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള 20 ശതമാനത്തിലേറെ ചിത്രീകരണം ആദ്യഭാഗത്തിന്റെ കൂടെ പൂര്‍ത്തിയായിരുന്നു.
‘വട ചെന്നൈ’ എന്നാല്‍ വടക്കന്‍ ചെന്നൈ എന്നാണ് അര്‍ഥം. വെട്രിമാരന്‍ നാലാമത് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. കാരംസ് കളിക്കാരനാണ് ഇതില്‍ ധനുഷിന്റെ അന്‍പ് എന്ന കഥാപാത്രം. അമീര്‍, ആന്‍ഡ്രിയ ജെറമിയ, ഐശ്വര്യാ രാജേഷ് തുടങ്ങിയവരാണു മറ്റു പ്രമുഖതാരങ്ങള്‍. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് വട ചെന്നൈ റിലീസ് ചെയ്തത്.
ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ‘അസുരന്‍’ എന്ന സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരാണ് നായിക. അസുരന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.