രോഹിത്തിനെ പുറത്താക്കി പകരം ക്യാപ്റ്റന്‍ സ്ഥാനം അശ്വിന് നല്‍കണം; ആരാധകരെ ഞെട്ടിച്ച പ്രസ്താവനയുമായി പാക് സൂപ്പര്‍ താരം
Sports News
രോഹിത്തിനെ പുറത്താക്കി പകരം ക്യാപ്റ്റന്‍ സ്ഥാനം അശ്വിന് നല്‍കണം; ആരാധകരെ ഞെട്ടിച്ച പ്രസ്താവനയുമായി പാക് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th December 2022, 7:54 am

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള തങ്ങളുടെ അവസാന ടെസ്റ്റ് പരമ്പരയും കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഓസ്‌ട്രേലിയക്കെതിരായ നാല് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്.

മത്സരത്തിന് മുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ മോശം ഫോം തന്നെയാണ് ഇന്ത്യക്ക് വെല്ലുവിളിയാകുന്നത്. രോഹിത് ശര്‍മയുടെ മോശം ഫോമിനേക്കാളുപരി താരത്തിന് നഷ്ടപ്പെട്ട ടെസ്റ്റ് പരമ്പരകളുടെ ലിസ്റ്റും ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍. രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. ടെസ്റ്റ് ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ പരമ്പരയില്‍ തന്നെ രാഹുല്‍ ടീമിനെ വിജയത്തിലേക്കെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും താരം പരാജയമായിരുന്നു.

ബാറ്റര്‍ എന്ന നിലയില്‍ രാഹുലിന്റെ മോശം പ്രകടനം പരമ്പരയിലുടനീളം കണ്ടപ്പോള്‍ രണ്ടാം ടെസ്റ്റിലെ ടീം സെലക്ഷനടക്കമുള്ളവ രാഹുലിന്റെ ക്യാപ്റ്റന്‍സിയെയും ചോദ്യം ചെയ്തു.

എന്നാല്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നും പകരം വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിനെ ക്യാപ്റ്റനായി നിയമിക്കണമെന്നുമാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ ആവശ്യപ്പെടുന്നത്.

അശ്വിനില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അദ്ദേഹം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ സര്‍വധാ യോഗ്യനാണെന്നും കനേരിയ പറയുന്നു. അശ്വിന്‍ ചിന്തിച്ച് ക്രിക്കറ്റ് കളിക്കുന്നയാളാണെന്നും ഇന്ത്യന്‍ ടീമിനെ ഉയരത്തിലേക്ക് നയിക്കാന്‍ അശ്വിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘ലോങ്ങസ്റ്റ് ഫോര്‍മാറ്റില്‍ രോഹിത് ശര്‍മക്ക് പകരം ക്യാപ്റ്റന്‍ സ്ഥാനത്തെത്താന്‍ യോഗ്യതയുള്ള താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. അശ്വിന് ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. അവന്‍ സ്മാര്‍ട്ടായ ബുദ്ധിമാനായ ക്രിക്കറ്ററാണ്,’കനേരിയ പറഞ്ഞു.

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരത്തിലും അശ്വിന്‍ ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും തിളങ്ങിയിരുന്നു. രണ്ടാം ടെസ്റ്റില്‍ തോല്‍വി മുന്നില്‍ കണ്ട സമയത്ത് അശ്വിനായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

‘ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായപ്പോള്‍ പോലും അശ്വിന്‍ ശാന്തനായിരുന്നു. അവന്റെ ബാറ്റിങ് പ്രകടനത്തിലൂടെ പല തവണ അവന്‍ ഇന്ത്യന്‍ ടീമിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

 

പണ്ട് അനില്‍ കുംബ്ലെ ഇല്ലാതെ ഇന്ത്യ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുമ്പോള്‍ ടീം വളരെ ദുര്‍ബലമായി കാണപ്പെട്ടു. അതുതന്നെയാണ് ഇപ്പോള്‍ അശ്വിന്‍ ഇല്ലെങ്കിലും സംഭവിക്കാന്‍ പോകുന്നത്,’ കനേരിയ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Danish Kaneria says R Ashwin should replace Rohit Sharma as Test captain