'പാര്‍ലമെന്റില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം'; മോദിക്ക് കത്തെഴുതി ഡാനിഷ് അലി
national news
'പാര്‍ലമെന്റില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം'; മോദിക്ക് കത്തെഴുതി ഡാനിഷ് അലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th September 2023, 7:41 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ബി.ജെ.പി എം.പി രമേഷ് ബിധുരി തനിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ഡാനിഷ് അലി. പ്രധാനമന്ത്രി വിഷയത്തില്‍ മൗനം വെടിയണമെന്നും സംഭവത്തെ അപലപിക്കണമെന്നും ഡാനിഷ് അലി കത്തിലൂടെ ആവശ്യപ്പെട്ടു. സഭയ്ക്കുള്ളില്‍ എല്ലാ നേതാക്കളും പാലിക്കേണ്ട മാന്യതയെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തേണ്ടതുണ്ടെന്നും ഡാനിഷ് അലി പറഞ്ഞു. തന്റെ സുരക്ഷ ഉറപ്പാക്കണമെന്നും രമേഷ് ബിധുരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

‘താങ്കള്‍ക്കെതിരെ ബിധുരി അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിച്ചതിനെതിരായ എന്റെ നിലപാടിനോട് ഭരണകക്ഷിയിലെ അംഗങ്ങള്‍ക്ക് ആര്‍ക്കും യോജിപ്പില്ലെന്ന് സഭാ നടപടികളില്‍ നിന്ന് വ്യക്തമാണ്. ഞാന്‍ എഴുന്നേറ്റ് ശ്രീ ബിധുരി താങ്കള്‍ക്കെതിരെ അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം ശക്തമായി പ്രതികരിക്കുകയാണുണ്ടായത്,’ ഡാനിഷ് അലി കത്തില്‍ കുറിച്ചു.

ചന്ദ്രയാന്‍ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്‌സഭയില്‍ നടക്കുന്നതിനിടെയാണ് ബി.ജെ.പി എം.പി. രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് വലിയ വിവാദത്തിന് കാരണമാവുകയായിരുന്നു. പരാമര്‍ശം വിവാദമായതോടെ ബി.ജെ.പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ വിഷയത്തില്‍ ബിധുരിയുടെ പ്രതികരണം വ്യക്തമാകുന്നതിന് മുമ്പേ പാര്‍ട്ടി അദ്ദേഹത്തിന് രാജസ്ഥാനിലെ നിയമസഭാ ടോങ്ക് ജില്ലയുടെ ഉത്തരവാദിത്തം നല്‍കിയിരുന്നു. ബിധുരിക്ക് പുതിയ പദവി നല്‍കിയ ബി.ജെ.പി നിയമത്തേയും ജനങ്ങളേയും വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.

Content Highlights: Danish Ali wrote letter to Narendra Modi on Ramesh Bidhuri’s Inappropriate language against Prime Minister